കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ യോഗത്തിലെ തീരുമാന നടപടി വിവരങ്ങൾ ചർച്ച ചെയ്തു. മുടങ്ങിക്കിടന്നിരുന്ന മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് എം എൽ എ നിർദേശിച്ചു. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിന് കർശന പരിശോധന നടത്തണമെന്ന് എക്സൈസ് വകുപ്പിന് നിർദേശം നൽകി.സ്കൂൾ സമയങ്ങളിൽ ടിപ്പർ,ടോറസ് ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളിൽ പ്രൈവറ്റ് ബസുകൾ ട്രിപ്പ് മുടക്കുന്നത് തടയുന്നതിനും മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാവണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.
കോവിഡ് കാലത്ത് മുടങ്ങിയിരിക്കുന്ന വടാട്ടുപാറ,പെരുമണ്ണൂർ,കുട്ടമ്പുഴ എന്നീ സ്ഥലങ്ങളിലേക്കുള്ള കെ എസ് ആർ ടി സി ബസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് നിർദേശം നൽകി.യോഗത്തിൽ മുൻസിപ്പൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർമാരായ റേയ്ച്ചൽ കെ വർഗീസ്,നാസർ കെ എം,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.