Connect with us

Hi, what are you looking for?

NEWS

ഞങ്ങൾക്കു വ്യാപാരം ചെയ്യണം; മഹാമാരിയിലെ ചില കച്ചവട കാഴ്ചകൾ.

കോതമംഗലം :- കാലം മാറുന്നതനുസരിച്ചു കോലവും മാറണമെന്ന് നമ്മൾ പറയാറുണ്ടല്ലോ.കഴിഞ്ഞ മാർച്ചിനു ശേഷം കൊറോണ പിടി മുറുക്കിയ മാസങ്ങളിൽ നിത്യോപയോഗ സാധനങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന കോതമംഗലത്തെ കച്ചവടസ്ഥാപനങ്ങളിൽ എന്തു മാത്രം മാറ്റങ്ങളാണ് വന്നത്. കട തുറന്നാൽ അടക്കുന്ന വരെ മാസ്ക് ധരിക്കുക, കടയിൽ വരുന്നവരിൽ നിന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് കച്ചവടം ചെയ്യുക, ഒരു വല്ലാത്ത അവസ്ഥയാണിപ്പോൾ കൊറോണ കാലത്തിനനുസരിച്ചുള്ള പല പല മാറ്റങ്ങൾ.

നിത്യോപയോഗ ഉൽപന്നങ്ങൾക്ക് പുറമെ വല്ലപ്പോഴും മാത്രം വിറ്റഴിച്ചിരുന്ന പല ഉൽപന്നങ്ങളും, പുതിയവ ചിലതും കടകളിലെ അവശ്യ വസ്തുവായി ഇപ്പോൾ മാറി. കേട്ടുകേൾവി മാത്രമുള്ള സാനിറ്റെസർ, മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായിരുന്ന മാസ്ക്, ഗ്ലൗസ് തുടങ്ങിവയെല്ലാം പെട്ടിപ്പീടികയിൽ വരെ പച്ചക്കറികളുടെയോ യോ, ബേക്കറി സാധനങ്ങളുടെയോ കൂടെ മുൻനിരയിൽ തന്നെ ഗമയിലിരുപ്പുണ്ട്. ജനങ്ങളുടെ സുരക്ഷാ ബോധം കൂടിയതു മൂലം ഇവയുടെ കച്ചവടവും വർദ്ധിച്ചു.

വ്യക്തി ശുചിത്വം അത്യന്താപേക്ഷിതമായ ഈ സമയത്ത് നമ്മൾ ശുചിത്വത്തിന് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന ‘ഡെറ്റോൾ ‘ എന്ന ആന്റി സെപ്റ്റിക് ലോഷൻ കടയിൽ എങ്ങനെ വില്പനക്ക് കിട്ടുമെന്നതാണ് കുറച്ചു മാസങ്ങളായി വ്യാപാരികളുടെ അലട്ടുന്ന പ്രധാന പ്രശ്നം. കോതമംഗലത്തെ ചുരുക്കം ചില കടകളിൽ ഒഴിച്ച് മറ്റൊരു കടയിലും ‘ഡെറ്റോൾ ‘ഇപ്പോൾ ലഭ്യമല്ല.ഉൾപ്രദേശങ്ങളിലെ കടകളിൽ ഡെറ്റോൾ കിട്ടിയിട്ട് മാസങ്ങളേറെയായി. ഒരു ബോട്ടിൽ ഡെറ്റോൾ കിട്ടുവാൻ ഉപഭോക്താവ് കടകൾ കയറിയിറങ്ങി, കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ചില വ്യാപാരികളാകട്ടെ ഡെറ്റോൾ കിട്ടുന്നതിനായി പെരുമ്പാവൂരെയും , മുവാറ്റുപുഴയിലെയും , എറണാകുളത്തെയും മൊത്ത വിതരണ കേന്ദ്രങ്ങളിൽ പൊക്കുവരവ് തുടങ്ങിയിട്ട് മാസങ്ങളായി.. എന്തു ഫലം.. പൊടി പോലുമില്ല കണ്ടുപിടിക്കാൻ.. ഡെറ്റോൾ ഉപയോഗം ധാരാളമായി കൂടിയതും, അതിനനുസരിച്ചു ഉത്പാദനം നടത്താൻ സാധിക്കാത്തതുമാണ് ഈ ക്ഷാമത്തിനു കാരണം.

വിവിധ കമ്പനി സാനിറ്റൈസർ, വിവിധ തരത്തിലുള്ള,വിവിധ വിലയിലുള്ള പലതരം മാസ്ക്കുകൾ തുടങ്ങിയവ ഇപ്പോൾ കടകളിലെ പ്രധാന കച്ചവടവസ്തുവായി മാറിയിരിക്കുന്നു. കടയുടെ മുൻവശത്തായി ‘ബ്രേക്ക്‌ ദി ചെയിൻ’ പോസ്റ്റർ പതിക്കുകയെന്നതും ഉപഭോക്താവിനു ഉപയോഗിക്കാനായി ഒരു സാനിറ്റൈസർ കടയുടെ മുൻവശത്തു വയ്ക്കുകയെന്നതും ഇപ്പോൾ നിയമമായി മാറി,ഇവയില്ലെങ്കിൽ പോലീസ് കടയുടമയുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.

ഇനി ഒരു കുപ്പി സാനിറ്റൈസർ കടയുടെ മുൻവശത്തു വച്ചു കഴിഞ്ഞാൽ തന്നെ വരുന്ന ഉപഭോക്താവും മറ്റു പരിചയക്കാരും കുറച്ചു ദിവസത്തിനുള്ളിൽ തന്നെയത് ഉപയോഗിച്ചു തീർക്കുന്നതിനാൽ അൻപതിനും നൂറി നുമിടയിലൊരു തുക ആഴ്ചയിലൊരിക്കലോ , രണ്ടു ദിവസം കൂടുമ്പോഴോ സാനിറ്റൈസറിന്റെ ചിലവായി വരുന്നുണ്ട്. ഇതു കൂടാതെ കടയുടെ മുൻവശത്തു സൂക്ഷിക്കേണ്ട കൈ കഴുകുവാനുള്ള സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ്, കടയിൽ വരുന്നവരുടെ പേരെഴുതാൻ ഒരു നോട്ട് ബുക്ക്‌ തുടങ്ങി ചിലവുകൾ വീണ്ടും കൂടിയിരിക്കുന്നു .

കരിഞ്ജീരകം, നാടൻ മഞ്ഞൾ പൊടി, ചുക്ക് കാപ്പി പൊടി, ഇഞ്ചി, എന്നിവയുടെ കച്ചവടം വൻതോതിൽ കൂടിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടുവാനും , ചുമയും മറ്റും പിടി പെടാതിരിക്കാനും ഇവ സഹായിക്കുമെന്നതിനാലും,ഇവക്ക് വൻ ഡിമാൻഡ് ആണ്.വീടുകൾ പലതരം കേക്കുകൾ ഉണ്ടാക്കുന്ന കേന്ദ്രങ്ങലായപ്പോൾ കേക്കുണ്ടാക്കാൻ ആവശ്യമായ ബേക്കിങ് പൌഡറും അനുബന്ധ സാധനങ്ങൾക്കും വില്പന കൂടി ,വീടുകൾ പാചക പരീക്ഷണ ശാലകളായപ്പോൾ ജ്യൂസ്‌, ഷേക്ക്‌ എന്നിവയുണ്ടാക്കാനുപയോഗിക്കുന്ന ചെറുപഴം, പാൽ, ബൂസ്റ്റ്, തുടങ്ങിവയെല്ലാത്തിന്റെ യും കച്ചവടം കൂടുകയുണ്ടായി

മൊത്ത വിതരണക്കാർ ഉത്പന്നങ്ങൾ ഇപ്പോൾ കടം തരാത്തതു കൊണ്ടും, സ്ഥിരം ഉപഭോക്താക്കൾക്ക് ഉത്പന്നം കടം കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലും, ചെറുകിട കച്ചവടക്കാർ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാൻ പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇനി ഒരു ചെറുകിട വ്യാപാരിക്കോ കടയിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കോ കോവിഡ് പിടി പെട്ടാൽ പിന്നെ പറയുകയേ വേണ്ട.. അസുഖം മാറുന്നതുവരെ കട അടച്ചിടുന്നതിനു പുറമെ കട സാനിറ്റൈസ് ചെയ്യുന്നതിനും പണം വേറെ വേണം, അതു കൂടാതെ തൊട്ടടുത്തു കച്ചവടം ചെയ്യുന്ന മറ്റു കച്ചവടക്കാരും കട അടച്ചു, ക്വാറന്റൈയിനിൽ പോകേണ്ട സ്ഥിതിയാണ്. കോവിഡ് മാറി കടയുടമ കട തുറന്നാലും സ്ഥിരം ഉപഭോക്താക്കൾ പോലും കടയിൽ കയറാതെ, ഒന്ന് നോക്കുക പോലും ചെയ്യാതെ , പണ്ട് കടം വാങ്ങിയ ഉത്പന്നങ്ങളുടെ പണം പോലും തിരികെ നൽകാതെ അകന്നു മാറി നിൽക്കുന്ന കാഴ്ചയും പല സ്ഥലങ്ങളിലും കാണുന്നുണ്ട്.

കടയുടെ മുൻവശം അരിചാക്ക് അടുക്കി വച്ചോ, പച്ചക്കറി തട്ട് കൊണ്ടോ ഒരു കയറു വലിച്ചു കെട്ടിയോ തടസ്സമുണ്ടാക്കി മിക്കവാറും ചെറുകിട കച്ചവടക്കാരും ഉപഭോക്താവിനെ ഇപ്പോൾ കടയിൽകയറാൻ അനുവദിക്കാറില്ല,പല സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കളൊഴികെ മറ്റു സാമഗ്രികൾ വിൽക്കാതെ കടയിലിരുപ്പാണ്.നിത്യോപയോഗ സാധങ്ങൾക്കും പച്ചക്കറിക്കും സാധാരണ രീതിയിൽ കച്ചവടമുണ്ടെങ്കിലും, കോസ്മെറ്റിക് , ഫാൻസി, ചെരിപ്പുകൾ, സ്റ്റേഷനറി തുടങ്ങിയ വിൽക്കുന്ന സ്ഥാപനങ്ങളിൽ പലതിലും വാടക കൊടുക്കുവാൻ പോലുമുള്ള വ്യാപാരം നടക്കുന്നില്ലയെന്നതാണ് വാസ്തവം.വലിയ സൂപ്പർ മാർക്കറ്റുകളിൽ നിയന്ത്രിത രീതിയിൽ പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം പണ്ട് കൗതുകത്തിനും, കാണുമ്പോഴും വാങ്ങിയിരുന്ന പലതും കസ്റ്റമർ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്.ലാഭകരമായി പ്രവർത്തിച്ചിരുന്ന ചെറുതും വലുതുമായ പല സ്ഥാപനത്തിന്റെയും സ്ഥിതി ഇപ്പോൾ മോശമാണ്.

വരവും ചിലവും തമ്മിൽ ഒത്തു പോകാത്ത സമയമാണിപ്പോൾ, സ്ഥാപന നടത്തിപ്പിന് ചിലവുകൾ കൂടുന്നു പക്ഷെ വരുമാനം നന്നേ കുറയുന്നു. കുറെയേറെ കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ഇപ്പോൾ കൊറോണക്കൊപ്പം ചലിക്കുന്ന അവരുടെ വ്യാപാരം ഈ കൊറോണ പ്രതിസന്ധിയെ തരണം ചെയ്തു പഴയ അവസ്ഥയിലേക്ക് പെട്ടന്ന് തിരിച്ചു വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വ്യാപാരികൾ.അതിജീവിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണിവർ.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...