കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ ഒരു കോടി രൂപ മുടക്കി നവീകരിച്ച കീരംപാറ പഞ്ചായത്തിലെ ഏറുപുറം എസ് സി കോളനിയുടെ ഉദ്ഘാടനം ബഹു:പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. 51 പട്ടിക ജാതി കുടുംബങ്ങളാണ് ഏറുപുറം കോളനിയിൽ താമസിക്കുന്നത്. നവീകരണത്തിൻ്റെ ഭാഗമായി ഗതാഗത സൗകര്യം,കുടിവെള്ള വിതരണം,ശുചിത്വ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കോളനിയിൽ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി കോളനിയിൽ റോഡുകളുടെ കോൺക്രീറ്റിങ്ങ്,കൾവെർട്ടുകളുടെ നിർമ്മാണം,സംരക്ഷണ ഭിത്തി നിർമ്മാണം,കുടിവെള്ള പദ്ധതിക്കായി കിണറുകളുടെ നവീകരണം,വീട് മെയ്ന്റനൻസ്,സോളാർ പാനലുകൾ, ജലസേചന പദ്ധതിക്കായി തടയണ നിർമ്മാണം തുടങ്ങിയ പദ്ധതികൾ കോളനിയിൽ നടപ്പിലാക്കി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം,കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസിമോൾ ജോസ്,വാർഡ് മെമ്പർമാരായ ബിജി ജോണി,സാബു വർഗീസ്,ജില്ലാ പട്ടികജാതി വികസന ഓഫീസർ സുനിൽ എം എസ്,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ റസീന റ്റി എ,ഇ പി രഘു,വി സി ചാക്കോ,മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങളായ രാജു എം എ,സിനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.