കോതമംഗലം: പരിസ്ഥിതി ലോല പ്രദേശത്തുനിന്ന് ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരെ യുഡിഎഫ് കർഷക സംഘടനകളുടെ സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടമ്പുഴ പഞ്ചായത്ത് പൂർണമായും കോട്ടപ്പടി,പിണ്ടിമന, കീരംപാറ,കവളങ്ങാട് പഞ്ചായത്തുകൾ ഭാഗീകമായും പരിസ്ഥിതി ലോല പ്രദേശമായി മാറും. ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ട്.
വ്യാപാര ആവശ്യത്തിന് കെട്ടിടം നിർമിക്കാനോ കൃഷി ചെയ്യാനോ പാടില്ല. സ്വന്തം ഭൂമിയിലെ മരം മുറിക്കുന്നതിന് വനം വകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. ബഫർ സോണിൽ ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെ,കഴിഞ്ഞ ആഴ്ച കൂടുതൽ ഗൗരവമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കൺവൻഷൻ തീരുമാനിച്ചു. 13ന് വൈകിട്ട് 4ന് പൂന്നേക്കാട് ജംഗ്ഷനിൽ ബഫർ സോണിന് ഇരയാകുന്ന മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് പ്രതിഷേധ സംഗമം നടത്തും. തുടർന്ന് പ്രശ്ന ബാധ്യത പ്രദേശത്തുകൂടി മലയോര രക്ഷായാത്ര നടത്താനും തീരുമാനിച്ചു.
കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. പി.സി.ജോർജ്,പി.കെ.മൊയ്ദു,പി.എം.സക്കറിയ, സി.ജെ.എൽദോസ്,പ്രഫ.എ.പി.എൽദോസ്,ബിജു വെട്ടിക്കുഴ,ജോണി പുളിത്തടം,സജി തെക്കേക്കര,കെ.എ.കാസിം, ഷൈമോൾ ബേബി,സാബു ജോസ്, ജോഷി പൊട്ടക്കൽ,ജോർജ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.