പെരുമ്പാവൂർ : ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു ഉയർന്ന് വന്ന വിവാദം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന സ്വീകരിച്ചത്. ഇരിങ്ങോൾ കാവുമായി ബന്ധപ്പെട്ടവർ എന്നാണ് തന്നോട് പറഞ്ഞത്. ആർ.എസ്.എസ് പ്രവർത്തകർ ആണെന്ന കാര്യം മറച്ചു വെച്ചു. ആർ.എസ്.എസ് എന്താണോ പറയുന്നത് അത് തന്നെ സി.പി.എമ്മും പ്രചരിപ്പിക്കുന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. വിവാദത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം.എൽ.എ അറിയിച്ചു. ആരെയും പ്രീണിപ്പിച്ചല്ല മുന്നോട്ട് പോകുന്നത്. എല്ലാ വിശ്വാസികളെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്ന സമീപനമാണ് കൈകൊണ്ടിട്ടുള്ളത്.
വിശ്വാസികളുടെ വികാരത്തിനൊപ്പം എന്നും നിലകൊണ്ടിട്ടുള്ള മതേതരത്വം മനസിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും എംഎൽഎ പറയുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം നിലകൊള്ളുകയും അവർക്ക് അനുകൂലമായി നിയമ നിർമാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്ത ജനപ്രതിനിധിയാണ് താൻ. പൗരത്വ നിയമത്തിനെതിരായി മുസ്ലിം സമുദായത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഭരണഘടന സംരക്ഷണ ജാഥ നടത്തുകയും നിരവധി വേദികളിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.