കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം നല്കി. സിഗ്നലുകളുടെ സമയക്രമം ശരിയായവിധത്തിലല്ലെന്നാണ് ആക്ഷേപം. സുഗമമായ ഗതാഗതം സാധ്യമാകുന്നതിന് പകരം രൂക്ഷമായ ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ സിഗ്നല്‍ കാരണമായെന്നാണ് ആക്ഷേപം ഗ്രീന്‍ സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങളുടെ ക്യു അരകിലോമീറ്റര്വരെ നീളുകയാണ്.ഒന്നിലേറെതവണ റെഡ് സിഗ്നനില്പ്പെടുന്നതായും പരാതിയുണ്ട്. ഫ്രീ ലെഫ്റ്റ് അനുവദിക്കാത്തതാണ് മറ്റൊരു പ്രശ്നം.വാഹനങ്ങളുടെ നിര മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് എത്താനോ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങള്‍ നിറുത്താനോ കഴിയാത്തതാണ് വ്യാപാരികളുടെ എതിര്‍പ്പിന് പ്രധാന കാരണം.കച്ചവടം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും പരാതിയുണ്ട്. സീബ്രാ ലൈനുകളോ മറ്റ് മാര്‍ക്കുകളോ റോഡില്‍ ഇല്ല.ഇതുമൂലം കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ശാസ്ത്രീയമായ പഠനം നടത്തി അപാകതകള്‍ പരിഹരിക്കണം.തിരക്ക് കൂടുതലുള്ള രാവിലേയും വൈകുന്നേരവും ഒഴികെ സിഗനല്‍ ലൈറ്റുകള്‍ ഓഫാക്കണമെന്ന നിര്‍ദേശവും വ്യാപാരികൾ മുന്നോട്ടുവച്ചിട്ടുണ്ട്.
തങ്കളം ബൈപാസ് ജംഗ്ഷനിൽ റോഡ് വൺവേ ആക്കി സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടും, സിഗ്നലുകളിലെ സമയം കുറച്ചും ദുരിതത്തിന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടു.



















































