Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ലഹരിവില്പന: ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പെരുമ്പാവൂര്‍: ഹോട്ടല്‍ കച്ചവടത്തിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന കേന്ദ്രത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ലഹരിശേഖരം പിടികൂടി. ഹോട്ടലില്‍നിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്‌സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടല്‍ നടത്തിപ്പുകാരായ പശ്ചിമബംഗാള്‍ സ്വദേശികള്‍ ഓടി രക്ഷപെട്ടു.

മൂന്നുമാസം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശികളായ പിറാറുല്‍ മണ്ഡലും ഭാര്യ സുലൈഹാ ബീവിയും പെരുമ്പാവൂരില്‍ ഹോട്ടല്‍ വാടകയ്ക്കെടുത്ത് നടത്താന്‍ തുടങ്ങിയത്. രാത്രികാലങ്ങളില്‍ വന്‍തോതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി ഇവിടെ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് ലഹരിവേട്ടയ്ക്ക് വഴിത്തിരിവായത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ‘ഓപ്പറേഷന്‍ തണ്ടര്‍’ പദ്ധതിയുടെ ഭാഗമായാണ് എക്‌സൈസ് പരിശോധന നടത്തിയത്.

പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ലഹരിമരുന്ന് കൈവശം വച്ചതിനും വില്പനയ്ക്ക് ശ്രമിച്ചതിനും ദമ്പതികള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായി എക്‌സൈസ് സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

You May Also Like

error: Content is protected !!