കോതമംഗലം:- സാധാരണ നവംബർ പതിനാല് എന്ന് കേൾക്കുമ്പോൾ നമ്മുടെ ചാച്ചാ നെഹ്റുവിന്റെ ജന്മദിനം, അതായത് ശിശുദിനമെന്ന പേരിൽ അറിയപ്പെടുന്ന സുദിനമാണ് മനസ്സിൽ വരുക, പക്ഷെ, ഈ വർഷത്തെ നവംബർ പതിനാല് വളരെ പ്രത്യേകത ഉള്ള ഒരു ദിനമായിരുന്നു. ശിശു ദിനത്തിന് പുറമെ കുറച്ചു വർഷങ്ങളായി നവംബർ പതിനാലാം തിയതി ലോകരോഗ്യ സംഘടന, ലോക പ്രമേഹദിനമായി ആചരിച്ചു പോരുന്നുണ്ട്. ഈ വർഷത്തെ പ്രത്യേകത അതൊന്നുമല്ല നവംബർ പതിനാലു കടന്നുപോയത് മധുരങ്ങളുടെയും ദീപങ്ങളുടെയും ആഘോഷമായ ദീപാവലിയെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ്. മൂന്ന് പ്രധാന ദിനങ്ങൾ ഒറ്റ ദിവസം. ചുരുക്കി പറഞ്ഞാൽ ‘ത്രീ ഇൻ വൺ ‘, രണ്ടു ആഘോഷവും ഒരു ഓർമ്മപ്പെടുത്തലുമായി ഒരു ദിനം.
കോവിഡ് ഭീഷണിയുണ്ടെങ്കിലും കുട്ടികൾ ഓൺലൈനിലും മറ്റും ആഘോഷമാക്കി ശിശുദിനം.ചിരാതും വിളക്കും, പേഡ, മൈസൂർ പാക്ക്, ലഡ്ഡു, ജിലേബി തുടങ്ങി വിവിധ മധുര പലഹാരങ്ങളുമായി കുട്ടികളും മുതിർന്നവരും ദീപാവലി കൊണ്ടാടി. ദീപാവലി കേരളത്തിൽ വലിയ ആഘോഷമല്ലെങ്കിലും കൊച്ചിയിലെ മട്ടാഞ്ചേരി, മറ്റു അന്യ സംസ്ഥാനക്കാർ ഉള്ള കേരളത്തിലെ പല സ്ഥലങ്ങളിലും ദീപാവലി സന്തോഷത്തിന്റെ ആഘോഷമാണ്. ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് എന്ന വിശ്വാസ മുറുകെ പിടിക്കുന്ന ദിനം.
പക്ഷെ ഈ ആഘോഷങ്ങളെല്ലാം കണ്ട് മനസ്സുനിറഞ്ഞ മുതിർന്നവർ, ചില കുട്ടികൾ, മറ്റു വയോജനങ്ങൾ തുടങ്ങിയവർ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഒരു തരി മധുരം പോലും കഴിക്കാനാകാതെ വിഷമിച്ചുമിരിപ്പുണ്ട്….. എന്ന സത്യം മറക്കാൻ കഴിയില്ല.ഇന്ന് അവരുടെയും ദിവസമാണ്, പ്രമേഹദിനം. നമ്മുടെ കുഞ്ഞുങ്ങൾ പലരും ഇപ്പോൾ പ്രമേഹത്തിന്റെ പിടിയിലാണെന്നെത് ദുഃഖകരമായ സത്യമാണ്.പണ്ടൊക്കെ പ്രമേഹം അഥവാ തനി നാടൻ ഭാഷയിൽ പറഞ്ഞാൽ ‘ഷുഗർ ‘ എന്ന ജീവിതശൈലി രോഗം പ്രായമുള്ളവരിൽ മാത്രം കണ്ടിരുന്ന ഒന്നാണ് പക്ഷെ ഇപ്പോൾ പ്രായഭേദമന്യേ കുട്ടികൾക്ക് വരെ ഈ അസുഖം പിടിപെടുന്നു.
ശിശു ദിനവും, ദീപാവലിയും വലിയ ആഘോഷങ്ങളായി കൊണ്ടാടുമ്പോൾ പ്രമേഹത്താൽ കഷ്ടപ്പെടുന്ന കുറെ ആളുകളെ നമുക്ക് മറക്കാതിരിക്കാം.നമ്മൾ ദീപാവലി മധുരം നുണയുമ്പോൾ, ഇതൊന്നും കഴിക്കാൻ കഴിയാത്ത കുറെയേറെ ആളുകൾ സമൂഹത്തിലുണ്ടെന്ന സത്യം. ഇനി ഈ ദീപാവലി ദിവസം അറിയാതെ ആരും കാണാതെ, ഒരു ലഡ്ഡുവെങ്ങാനും കഴിച്ചെക്കാമെന്നു കരുതി പല വീടുകളിലെയും പ്രമേഹമുള്ളവരുടെ കൈയെങ്ങാനും നീണ്ടുപോയാൽ….. ഇന്ന് ശിശു ദിനമാഘോഷിച്ച കുഞ്ഞുങ്ങളും, ദീപാവലി ആഘോഷിച്ച മറ്റുള്ളവരും അപ്പോഴേക്കും തടയുകയായി. നശിച്ച പ്രമേഹമെന്ന് മനസ്സിൽ കരുതി അവർ അപ്പോഴേ പിന്മാറുകയും ചെയ്യും.
ആഘോഷങ്ങൾ ആഘോഷിക്കാനുള്ളതാണ്,ശിശുക്കളാ യാലും മുതിർന്നവരായാലും…. അവ ആഘോഷിക്കുക തന്നെ വേണം. അടുത്ത വർഷങ്ങളിൽ ശിശുദിനവും പ്രമേഹദിനവും ഒരുമിച്ചു ഒരു ദിനത്തിൽ തന്നെ വരും.. പക്ഷെ അടുത്ത ദീപാവലിക്ക് ഇനി ധാരാളം മധുരം കഴിക്കണമെങ്കിൽ, അടുത്ത കുറെയേറെ വർഷങ്ങളിലെ ആഘോഷങ്ങൾ അതിന്റെതായ രീതിയിൽ കൊണ്ടാടാൻ, നമ്മൾ ഓരോരുത്തരും ഭക്ഷണ ക്രമീകരണം ജീവിതത്തിന്റെ ശീലമാക്കേണ്ട സമയമായി. പണ്ടാരോ പറഞ്ഞതു പോലെ ഭക്ഷണം കഴിക്കാനായി ജീവിക്കരുത്. ജീവിക്കാനായി മിതമായി, ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാം.