കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ നിന്നാണ് പുസ്തകം വാങ്ങിയത്.
മണ്ഢലത്തിന്റെ പരിധിയിലുള്ള 8 പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളിൽ പ്രത്യേക പുസ്തക കോർണർ ഇതിലൂടെ സ്ഥാപിക്കും.
കോതമംഗലം റവന്യു ടവർ അങ്കണത്തിൽ നടന്ന ചടങ്ങിൽ വച്ച് ആന്റണി ജോൺ എം എൽ എ പുസ്തകം വിതരണം ചെയ്തു. കഴിഞ്ഞ വർഷം 28 ലൈബ്രറികൾക്ക് പുസ്തകം നൽകിയിരുന്നു. ഇതോടുകൂടി കോതമംഗലം മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞതായി എം എൽ എ പറഞ്ഞു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് നാരായണൻ സ്വാഗതവും സി പി മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ലാ കൗൺസിൽ അംഗം ഷിജ കാസിം പങ്കെടുത്തു.