EDITORS CHOICE
‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ’ എന്ന മഹാത്മാജിയുടെ വചനം നെഞ്ചിലേറ്റി കോതമംഗലത്തെ ഗ്രാമങ്ങൾ.

അനൂപ്. എം. ശ്രീധരൻ.
കോതമംഗലം :- പൂർണമായ ലോക്ക്ഡൗണിനു ശേഷം ചെറുകിട വ്യാപാരികൾ വലിയ പ്രതിസന്ധികളെ അതിജീവിച്ചും, പ്രതിഷേധങ്ങൾ നടത്തിയ ശേഷവുമാണ് മാനദണ്ഡങ്ങൾക്കനുസരിച്ചു കടകൾ തുറക്കാൻ ഗവണ്മെന്റ് അനുവദിച്ചതും വ്യാപാരം പുനരാരംഭിച്ചതും. തിരിച്ചു വന്ന പ്രവാസികളിൽ പലരും കൂടാതെ ജോലി നഷ്ടപ്പെട്ട മറ്റുള്ളവരെല്ലാം കച്ചവട മേഖലയിലേക്ക് തിരിഞ്ഞപ്പോൾ കോതമംഗലത്തെ ഗ്രാമപ്രദേശങ്ങളിൽ കുറച്ചു മാസങ്ങളായി ചെറിയ കടകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. തന്മൂലം ഉപ്പ് തൊട്ട് കർപ്പൂരം വരെ കോതമംഗലത്തെ ഗ്രാമങ്ങളിൽ സുലഭം.
പച്ചക്കറി, പച്ചമീൻ സ്റ്റാളുകൾ എന്നിവ ഗ്രാമപ്രദേശത്തും ഓരോ അരകിലോമീറ്റർ ചുറ്റളവിലും അടുത്തയിടെ ധാരാളമായി തുറന്നു പ്രവർത്തിക്കുന്നു. ചെറിയ വാനുകളിലും മറ്റും പച്ചക്കറികൾ വീട്ടുമുറ്റത്തെത്തിക്കുന്ന ഒരു കൂട്ടർ പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നു, അവർക്കു പുറമെ ഇപ്പോഴാകട്ടെ റോഡരികിലുള്ള പലവീടുകളുടെ പോർച്ചും,വശങ്ങളും മറ്റു സ്ഥലങ്ങളും അലുമിനിയം ഷീറ്റും ചെറിയ ഇരുമ്പുനെറ്റും ഉപയോഗിച്ച് മറച്ചു ചെറിയ പച്ചക്കറി പലചരക്കു കടകളായി മാറ്റിയിരിക്കുകയാണ്. വീടുകളിലെ അമ്മമാരും മറ്റു സ്ത്രീ ജനങ്ങളും കുടുംബത്തോടൊപ്പം വ്യാപാരത്തിലും ശ്രദ്ധകേന്ദ്രികരിച്ചു തുടങ്ങി.
ചായയും ചെറുകടികളും നൽകുന്ന പെട്ടിക്കടകൾ ധാരാളമായി കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട് , കൊറോണ ഭീഷണി കാരണം,മീൻ കച്ചവടത്തിനു കുറെനാൾ മുമ്പ് വരെ ഇരു ചക്രങ്ങളിൽ വീടുകളിൽ എത്തിയിരുന്ന ‘മീൻകാരൻ ചേട്ടൻ’ എന്ന ഓമനപേരിൽ അറിയപ്പെട്ടവരൊക്കെ വരവ് കുറച്ചതോടെ ഗ്രാമങ്ങളിൽ ഓരോ കവലയിലും, എന്തിനേറെ സ്വന്തം ഓട്ടോറിക്ഷ പോലും മീൻകടയാക്കി പലരും കച്ചവടം തുടങ്ങി. മീൻ കഴുകി നന്നാക്കി ചെറിയ കഷണങ്ങളാക്കി കിട്ടുമെന്നതും, ആവശ്യപെടുന്നതനുസരിച്ചു വീടുകളിൽ എത്തിച്ചു നൽകുമെന്നതും ആളുകൾക്ക് ഉപകാരമായി മാറിയിരിക്കുന്നു.
കോതമംഗലം- നേര്യമംഗലം റോഡരികിൽ ഇപ്പോൾ ഒന്ന് കണ്ണോടിച്ചാൽ വിലകൂടിയ വാഹനങ്ങളിലും, ഓട്ടോറിക്ഷകളിലും തുണിത്തരങ്ങൾ, പലഹാരങ്ങൾ, മാസ്ക്കുകൾ, മുട്ടകൾ തുടങ്ങി ഊണും, ബിരിയാണിയും വരെ കച്ചവടം ചെയ്യുന്ന പ്രവാസ ജീവിതം നയിച്ചവരും, ജോലി നഷ്ടപ്പെട്ട പ്രദേശവാസികളും ധാരാളമായിട്ടുണ്ട്. കൊറോണ ഭീഷണിയിൽ നിന്നും കരകേറി ജീവിക്കാനായി പാടുപെടുന്ന ഒരുപാടുപേർ.ചേലാട്, കുട്ടമ്പുഴ, വാടാട്ടുപാറ വാരപ്പെട്ടി, മുത്തംകുഴി, ചെറുവട്ടൂർ തുടങ്ങി എല്ലാ ഗ്രാമമേഖലയിലും ഇതു തന്നെയാണാവസ്ഥ.
ഒരു അവശ്യ സാധനങ്ങളും വാങ്ങുവാനായി കോതമംഗലം ടൗണിൽ പോകേണ്ട കാര്യം ഇപ്പോൾ ആർക്കുമില്ല.വളം, പെയിന്റ്, സിമന്റ്,തേപ്പുകട,ജന സേവ കേന്ദ്രങ്ങൾ തുടങ്ങി എല്ലാവിധ സ്ഥാപനങ്ങളും ഉൾപ്രദേശങ്ങളിൽ പോലും പുതിയതായി തുടങ്ങിയിരിക്കുന്നു. കൊറോണ എല്ലാവിധ മാർഗങ്ങളും അടച്ചപ്പോഴാണ് ആളുകൾക്ക് എളുപ്പം തുടങ്ങാവുന്ന ഒരു ജീവിത മാർഗമായി ചെറുകടകൾ തുറക്കാൻ പലരും തീരുമാനിച്ചത് . ഓരോ ചെറിയ ജംഗ്ഷനിലും ഒരേ പോലത്തെ നാലും അഞ്ചും കടകളായി.
കച്ചവടത്തെകുറിച്ച് ഒരു ധാരണയും ഇല്ലാതെ തുടങ്ങിയ ചിലർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അടച്ചുപൂട്ടി പോയിട്ടുമുണ്ട്. എന്തായാലും കോതമംഗലത്തെ ഉൾപ്രദേശങ്ങളിൽ എല്ലാവിധ സാധനങ്ങളും വീടിനടുത്തു കിട്ടുന്ന കാലമായി. കൊറോണ പേടി കാരണം ജനങ്ങൾ യാത്രകൾ കുറച്ചത് ചെറുകിട കച്ചവടക്കാർക്ക് ഒരുതരത്തിൽ അനുഗ്രഹമായിട്ടുണ്ട്. ഒരേ തരത്തിലുള്ള കച്ചവടം അടുത്തടുത്തു തുടങ്ങിയതുകൊണ്ടുള്ള കച്ചവട കുറവുമൂലം സുഹൃത്തുക്കളായ പലരും ഇപ്പോൾ ശത്രുക്കളായി മാറിയിട്ടുമുണ്ട്.
പ്രായമുള്ളവർ മാത്രമുള്ള കുടുംബങ്ങളിൽ എല്ലാവിധ അവശ്യസാധനങ്ങളും വീടിനടുത്തു കിട്ടുന്നത് ഈ കൊറോണ കാലത്തു അനുഗ്രഹമാണെങ്കിലും, ഒരു പരിധിയിൽ കൂടുതൽ ഒരേ തരത്തിലുള്ള ബിസിനസ്സുകൾ ഒരു സ്ഥലത്തു വരുന്നത് എല്ലാവരുടെയും കച്ചവടം കുറക്കുകയേയുള്ളു. ഇത് കോതമംഗലത്തെ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, കേരളത്തിൽ ആകമാനം ജനങ്ങൾ ജീവിക്കുവാനായി ഇതുപോലെ പല കച്ചവടങ്ങളുമായി നിരത്തുകളിലും കവലകളിലും ഉണ്ട്. റോഡരിലുള്ള ചില ഭവനങ്ങൾ കടകളായും, വീട്ടിലെ ഭക്ഷണമെന്നു ബോർഡുവച്ച ചെറു ഹോട്ടലുകളായും മാറിക്കഴിഞ്ഞു.
‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്’ എന്ന് മഹാത്മാജി പണ്ട് പറഞ്ഞകാര്യം ഇപ്പോൾ ഓർത്തു പോകുന്നു. കച്ചവട സ്ഥാപനങ്ങൾ രാജ്യത്തെ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന ഒന്നാണ്. ഗ്രാമങ്ങൾ വികസിക്കുകയാണ്. കോതമംഗലത്തെ ചെറിയ ഗ്രാമങ്ങളും, ഉൾപ്രദേശങ്ങളും ചെറുപട്ടണങ്ങളായി മാറുന്ന കാലം വിദൂരമല്ല.
EDITORS CHOICE
ശ്രീലേഖ വാരപ്പെട്ടി : കുറുങ്കുഴൽ വാദനത്തിലെ പെൺപെരുമ

കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം : പാണ്ടിയുടെ കൊലുമ്പലിനോടൊപ്പവും പഞ്ചാരിയുടെ മധുരഗാംഭീര്യ ചെമ്പടവട്ടങ്ങളിലും ശ്രീലേഖ വാരപ്പെട്ടിയുടെ കുറുങ്കുഴൽ നാദം, ലയഭംഗിതീർത്ത ഉത്സവദിനങ്ങളായിരുന്നു കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഇത്തവണയും. മേളക്കാരായ പുരുഷപ്രജകൾക്കിടയിൽ സെറ്റുമുണ്ടും ധരിച്ചു നിൽക്കുന്ന ശ്രീലേഖയുടെ വളയിട്ട കൈകളിലെ കുറുങ്കുഴലിൽ നിന്നുമുയർന്ന രാഗലയം മേളപ്രിയർ അറിഞ്ഞാസ്വദിച്ചു. കുറച്ചു കാലങ്ങളായി തൃക്കാരിയൂരപ്പന്റെ മണ്ണിലെ ഉത്സവമേളത്തിലെ പതിവുകാരിയാണ് ശ്രീലേഖ. മാരാർ സമുദായത്തിൽപ്പെട്ട ശ്രീലേഖയ്ക്ക് പാരമ്പര്യ ജന്യമായിക്കിട്ടിയതാണ് ക്ഷേത്രകല. ഇലത്താളം വായനക്കാരനായ അച്ഛൻ സുകുമാരൻ മാരാരും വല്ല്യച്ഛനും കുടുംബക്കാരുമെല്ലാം പരമ്പരകളായി മേളക്കാരാണ്. ശാസ്ത്രീയ സംഗീതപദ്ധതിയിലെ ചിലരാഗങ്ങളെ പിൻതുടരുന്ന സുഷിരവാദ്യങ്ങളിലൊന്നായ കുറുങ്കുഴൽ വായിക്കാൻ പഠിച്ചെടുത്തതു മുതൽ എറണാകുളം ജില്ലയിലെ കിഴക്കൻ ദിക്കുകളിൽ ക്ഷേത്രോത്സവങ്ങൾക്കും പൂരങ്ങൾക്കും പോയിത്തുടങ്ങിയതാണ് ശ്രീലേഖ. ഈ രംഗത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രമുള്ളതിനാൽ ആസ്വാദകർക്ക് കൗതുകം കൂടിയാണ് ഈ കലാകാരി യുടെ സാന്നിദ്ധ്യം.
കുട്ടിക്കാലം മുതൽ ക്ഷേത്രവാദ്യകലകളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ആദ്യം പഠിപ്പിച്ചത് ചെണ്ട. ഇടന്തല കൊട്ടലും ഇലത്താളവും പഠിച്ച് ഇരുപത്തഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം. ‘പഞ്ചാരി തുടങ്ങിയാൽ പത്തു നാഴിക’ എന്ന പഴഞ്ചൊല്ല് പോലെ എത്ര മണിക്കൂറുകൾ വേണമെങ്കിലും പുരുഷന്മാർക്കൊപ്പം മേളത്തിൽ നിലയുറപ്പിയ്ക്കാൻ ശ്രീലേഖയ്ക്കാവും. തൃക്കാരിയൂരിൽ രണ്ടുവർഷമായി പാണ്ടിമേളത്തിന് കുറുങ്കുഴൽ വായിക്കുന്നുണ്ട്. പെരുമ്പാവൂർ സന്തോഷാണ് കുറുങ്കുഴൽ വായന പഠിപ്പിച്ചത്. ഇപ്പോൾ ഇടയ്ക്കയിലും പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ അനുജൻ ശ്രീഹരിയും ഇടയ്ക്ക പരീശീലിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശ്രീലേഖ ഉത്സവകാലത്തു മാത്രമാണ് ഇപ്പോൾ കുറുങ്കുഴലുമായി വായനക്കിറങ്ങുന്നത്. വാരപ്പെട്ടി മഞ്ചേപ്പിള്ളിൽ വീട്ടിൽ അമ്മ എം.വി. മല്ലികയോടൊപ്പമാണ് താമസം.
ഫോട്ടോ: ശ്രീലേഖ വാരപ്പെട്ടി, കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവമേളത്തിൽ കുറുങ്കുഴൽ വായിക്കുന്നു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ന്യൂയോർക്കിലെ ഒച്ചിന്റെ വേഗതയിൽ കോതമംഗലത്ത് റോഡ് പണി; അത്ഭുതമായി നാല് വരിപ്പാത

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡ് 12 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ചതാണ്. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. ഒന്നര പതിറ്റാണ്ടിനു ശേഷവും 27.32 കിലോമീറ്റർ റോഡിന്റെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തിയില്ല. ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ഒച്ച് പകൽ സമയത്ത് മാത്രം ഇഴഞ്ഞാൽ ഇപ്പോൾ തിരുവനന്തപുരം കഴിഞ്ഞേനെ എന്ന് നാടൻ സായിപ്പുമാർ അടക്കം പറയുന്നു.
തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജനും, റോഡ് നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും, ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. നഗരത്തിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്കു യാത്ര അര മണിക്കൂറായി കുറയ്ക്കുന്ന നിർദിഷ്ട തങ്കളം–കാക്കനാട് നാലുവരിപ്പാത ഒച്ചിഴയുന്നതിനേക്കാൾ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അലൈൻമെന്റ് പലയിടങ്ങളിലും ടവർ ലൈൻ പോകുന്ന ഇടങ്ങളിലൂടെ ആയതും ഐആർസി അനുവദിക്കുന്ന ഗ്രേഡിയന്റ് അധികരിക്കുന്നതുമാണു റോഡിനു തടസ്സമാകുന്നത്. കിഫ്ബിയുമായി ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കാമെന്നാണു മന്ത്രിയുടെ വിശദീകരണം മാത്രമാണ് ആശ്വാസമായുള്ളത്.
കോതമംഗലം–എറണാകുളം ദൂരം 10 കിലോമീറ്റർ കുറയ്ക്കുന്ന നിർദിഷ്ട പാത തങ്കളം, ഇളമ്പ്ര, ഇരമല്ലൂർ, ചെറുവട്ടൂർ, 314, കാട്ടാംകുഴി, മാനാറി, കീഴില്ലം, കിഴക്കമ്പലം, പള്ളിക്കര, മനയ്ക്കക്കടവ് പാലം വഴിയാണു കാക്കനാട് എത്തുന്നത്. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കാക്കനാട് മനയ്ക്കക്കടവ് പാലം വരെ 30 മീറ്റർ വീതിയാണു വിഭാവനം ചെയ്തത്. കോതമംഗലം (7.32 കി.മീ.), മൂവാറ്റുപുഴ (1.74 കി.മീ.), പെരുമ്പാവൂർ (1.26 കി.മീ.) കുന്നത്തുനാട് (17 കി.മീ.) നിയോജക മണ്ഡലങ്ങളിലൂടെയാണു റോഡ്. കോതമംഗലത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുക്കാനും തീരുമാനമില്ല. തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. 3 കലുങ്കും ഇളമ്പ്രയിൽ കനാലിനു കുറുകെ പാലവും തീർത്തു. പിന്നീട് പണികൾ നില്ക്കുകയായിരുന്നു. കോതമംഗലം താലൂക്കിൽ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർ. ഏറ്റെടുത്തത് ആദ്യ റീച്ചിലെ 3.52 ഹെക്ടർ മാത്രം.
2006ലായിരുന്നു പദ്ധതിയുടെ ഉപഗ്രഹ സർവേ. ആദ്യഭാഗം നിർമാണത്തിന് 2012ൽ സർക്കാർ 5 കോടി രൂപ അനുവദിച്ചു. 2015ൽ സംസ്ഥാന ബജറ്റിൽ 10 കോടിയും അടുത്ത 2 വർഷം കിഫ്ബി പദ്ധതിയായി 67 കോടിയും ഉൾപ്പെടുത്തി. നടപടി അനന്തമായി നീണ്ടതോടെ തുടർ പ്രവർത്തനങ്ങൾക്കു പലപ്പോഴായി അനുവദിച്ച ഫണ്ട് പാഴാക്കുകയായിരുന്നു. കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള ഈ മലയാളി ഇനി കേരളം സന്ദർശിക്കുമ്പോൾ ഒച്ചിനെക്കാൾ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തന രീതി പഠന വിഷയമാക്കേണ്ടതാണ് എന്നാണ് നാട്ടുകാരുടെ ആവശ്യം.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
CRIME6 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു