കോതമംഗലം: കോവിഡ് പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികളുമായി എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രിഫെസ്റ്റ് സംഘടിപ്പിച്ചുകൊണ്ട് പ്ലാവിന് തൈകള്‍, മാവ്, റംബൂട്ടാന് എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ 1000 തൈകള്‍ വിതരണം ചെയ്യും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് കാര്‍ഷിക വിപണന കേന്ദ്രം വഴി സംഭരിക്കും. അതിലൂടെ ഉയര്‍ന്ന വില ലഭ്യമാക്കാന്‍ കഴിയും. തക്കാളി, മുളക്, വെണ്ട, കോളിഫ്ളവര്‍ തുടങ്ങിയ പച്ചക്കറി തൈകള്കളും ചീര, പയര്‍ എന്നിവയുടെ വിത്തുകളും മെയ് 20 മുതല്‍ സൗജന്യമായി വിതരണം ചെയ്യും.
പ്രിവിലേജ് കാര്‍ഡുടമകള്‍, നാം അംഗങ്ങള്‍ എന്നിവര്‍ക്ക് 10000 രൂപ പലിശരഹിത വായ്പ നല്‍കും. 1000 രൂപ വീതം 10 മാസം കൊണ്ട് തിരിച്ചടച്ചാല്‍ മതി. 25000 രൂപ വരെ സ്വര്‍ണ്ണവായ്പ പലിശ കൂടാതെ 2 മാസത്തേയ്ക്ക് നല്‍കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന കര്ഷകന് 5000 രൂപ സബ്സിഡി നല്‍കും. ഏത്തവാഴ കണ്ണുകള്‍ പകുതിവിലയ്ക്ക് വിതരണം ചെയ്യും. പാട്ടവ്യവസ്ഥയില്‍ കൃഷി ഏറ്റെടുത്ത് നടത്തുവാന്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തും. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ നിര്‍മ്മിച്ച് വിപണനഭാഗമായി ഏത്തപ്പഴം, പൈനാപ്പിള്‍, ചക്ക എന്നിവ സംഭരിച്ച് ഉത്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു