കോതമംഗലം: നാലേക്കറിൽ കൃഷിയുടെ വൈവിധ്യം, അന്യംനിന്ന ഇനങ്ങൾക്കും ഇടം നൽകി കോതമംഗലം സ്വദേശിനി റൂബി ടീച്ചർ. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് മാറാതെ കൃഷിയുടെ വഴിയിലൂടെ മുന്നേറുകയാണ് റൂബി ടീച്ചർ.
നാലേക്കർ പുരയിടത്തിൽ പച്ചക്കറികളും കിഴങ്ങുവിളകളും സുഗന്ധവിളകളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിവിധയിനം മരങ്ങളും വളർത്തുന്നു. അന്യംനിന്നുപോകുന്ന നിരവധി നാടൻ ഇനങ്ങൾക്കും ഇവിടെ ഇടമുണ്ട്. കൃഷിയോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുകയും ചെയ്യുന്നുണ്ട് ടീച്ചർ. കൃഷിയിടത്തിലേക്ക് കടന്നുചെല്ലുമ്പോൾ തന്നെ കാണാം വൈവിധ്യത്തിന്റെ ഈ വലിയ ലോകം.
വഴുതനയും വെണ്ടയും വിവിധയിനം പയറുകളും മുളകുകളും വെള്ളരിയും പാവലും പടവലവും ചീരയും മത്തനും കുമ്പളവും ചുരക്കയും ഉൾപ്പെടെ നിരവധി പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷിയിടത്തിൽ കിഴങ്ങുവിളകൾക്കും പ്രത്യേക സ്ഥാനമുണ്ട്.മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, കാച്ചിൽ, കൂർക്ക, ചേന, വിവിധയിനം ചേമ്പുകൾ, മരച്ചീനി തുടങ്ങിയവയും ഇവിടെ വിളയുന്നു.
ഇഞ്ചി, മഞ്ഞൾ, കച്ചോലം, കുരുമുളക് തുടങ്ങിയ സുഗന്ധവിളകൾക്കൊപ്പം തെങ്ങും കമുകും കൃഷിയിടത്തിന്റെ ഭാഗമാണ്. പഴവർഗങ്ങളുടെ വൈവിധ്യമാണ് റൂബി ടീച്ചറുടെ കൃഷിയിടത്തിലെ മറ്റൊരു പ്രത്യേകത.സ്റ്റാർ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, എഗ് ഫ്രൂട്ട്, അവക്കാഡോ, മാംഗോസ്റ്റിൻ, മരമുന്തിരി, റൂബിക്ക, ഞാവൽ, പേര, റമ്പൂട്ടാൻ, പുലാസാൻ, ദുരിയാൻ തുടങ്ങി വ്യത്യസ്ത ഇനം ഫലവൃക്ഷങ്ങൾ ഇവിടെ വളരുന്നു.
പുതുതലമുറയ്ക്ക് പരിചിതമല്ലാത്തതും അന്യംനിന്നുപോകുന്നതുമായ പല ഇനങ്ങളും സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. പച്ചക്കറികളും ഫലവൃക്ഷങ്ങളും മാത്രമല്ല, ഔഷധസസ്യങ്ങൾക്കും കൃഷിയിടത്തിൽ ഇടമുണ്ട്.തേക്ക്, ഈട്ടി, ചന്ദനം, മാഞ്ചിയം, തമ്പകം, ആഞ്ഞിലി, മരുത്, മഹാഗണി, ചെമ്പകം തുടങ്ങിയ വിവിധയിനം മരങ്ങളും ഇവിടെ വളർത്തുന്നുണ്ട്.
ആട്, കോഴി, താറാവ്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളും കൃഷിയിടത്തിന്റെ ഭാഗമാണ്. വിളവെടുത്ത് വിൽക്കുന്നതിൽ മാത്രം റൂബി ടീച്ചറുടെ കൃഷി അവസാനിക്കുന്നില്ല.കൃഷിയിടത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചമ്മന്തിപ്പൊടി, അവലോസുപൊടി, പിടിപ്പൊടി, വിവിധയിനം അച്ചാറുകൾ, ചുക്കുപൊടി, മഞ്ഞൾപ്പൊടി, ചിപ്പ്സ് തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും തയ്യാറാക്കി വിൽക്കുന്നുണ്ട്.
അങ്ങനെ കൃഷി, ഭക്ഷ്യസംസ്കരണം, മൂല്യവർദ്ധന, വിപണനം എന്നിവയെ ഒരുമിച്ച് ചേർത്താണ് റൂബി ടീച്ചർ തന്റെ കാർഷിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അധ്യാപികയായിരുന്ന കാലത്ത് അറിവ് പകർന്നുനൽകിയ റൂബി ടീച്ചർ, വിരമിച്ചശേഷം മണ്ണിനോടാണ് കൂടുതൽ അടുക്കുന്നത്.
വൈവിധ്യമാർന്ന കൃഷികളിലൂടെ ഭക്ഷ്യസുരക്ഷയ്ക്കൊപ്പം പഴമയുടെ വിത്തുകളും ഇനങ്ങളും സംരക്ഷിക്കുകയാണ് ഈ കർഷകയുടെ ലക്ഷ്യം. നാലേക്കറിൽ പച്ചപ്പിന്റെ വൈവിധ്യം തീർത്ത്, കൃഷിയിലൂടെ പുതിയ തലമുറയ്ക്കും മാതൃകയാവുകയാണ് റൂബി ടീച്ചർ.



















































