കോതമംഗലം:അപ്രോച്ച് റോഡിൻ്റ നിർമ്മാണം പൂർത്തീകരിച്ച് വരുന്നകുടമുണ്ട പാലം 22ന് തുറക്കും. നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ എംഎൽഎ ഓഫീസിൽ ചേർന്ന പ്രതിമാസ സി.എം.ടി. യോഗത്തിലാണ് തീരുമാനം. അടിവാട് – കുത്തുകുഴി റോഡിൽ കോതമംഗലം പുഴക്ക് കുറുകെ നിലവിൽ ഉപയോഗിച്ച് വരുന്നത പാലം മഴ ശക്തമാകുമ്പോഴെല്ലാം വെള്ളത്തിനടയിലാകുയും ഗതാഗതു സ്തംഭിക്കുന്നതും പതിവാണ്.
ഈ സാഹചര്യത്തിലാണ് നിലവിലെ പാലത്തിന് ചേർന്ന് സമാന്തരമായി ഉയരം കൂട്ടി 10 വർഷം മുമ്പ് പുതിയ പാലം നിർമ്മിച്ചത്. അന്തരിച്ചു ടി.യു കുരുവിള എം എൽ എയുടെ കാലത്തായിരുന്നു പാലം നിർമ്മാണം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി വേണമായിരുന്നു പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ. ഇത് ധാരണയിലെത്താതെ വരികയും അപ്രോച്ച് റോഡ് നിർമ്മാണം മുടങ്ങി പാലം ഗതാഗതത്തിനായി തുറക്കാനാകാതെ കിടക്കുകയായിരുന്നു. സ്ഥല ഉടമയുമായി ധാരണയിലായി അപ്രോച്ച് റോഡ് നിർമ്മാണം അവസാനഘട്ടത്തിലാണ്. കവളങ്ങാട് പഞ്ചായത്തിനെ വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളുമായി ഒരേ സമയം ബന്ധിക്കുന്നതുമാണ് കോതമംഗലം പുഴക്ക് കുറുകെയുള്ള കുടമുണ്ട പാലം. മഴക്കാലത്ത് ഗതാഗതം മുടങ്ങുമെന്നുള്ള പ്രശ്നവും ഒരേ സമയം ഇരുവശത്തേക്കും ഗതാഗതം എന്ന ആശയവും പുതിയ പാലം തുറക്കുന്നതോടെ യാഥാർത്ഥ്യമാകും.
കുടമുണ്ട പാലത്തിന്റെ ഉദ്ഘാടനം 22ന് നടത്താനും യോഗത്തിൽ തീരുമാനിച്ചു. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതായും വിലയിരുത്തി. ശേഷിക്കുന്ന ജോലികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി നിശ്ചയിച്ച തീയതിയിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്, 12 എൽ.പി.–യു.പി. സ്കൂളുകളുടെ കെട്ടിട നിർമാണം, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, അടിവാട്ട് പാലം, ആലുവ–മൂന്നാർ ദേശീയപാത വികസനം, ബ്ലാവന പാലം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്ത സാഹചര്യത്തിൽ ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്താനും തീരുമാനിച്ചു. ഏകദേശം 250 മീറ്ററോളം റോഡ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാനുണ്ട്. ലൈറ്റിംഗ് പ്രവർത്തനങ്ങളും ബാക്കിയാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും യോഗം വിലയിരുത്തി. ഈ മാസം 30 വരെ കരാറുകാരന് സമയം അനുവദിക്കും. അതിനകം ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാത്ത പക്ഷം കരാറുകാരനെ മാറ്റി റീടെൻഡർ നടപടികളിലേക്ക് കടക്കാനും തീരുമാനമായി.
മണ്ഡലത്തിലെ 12 എൽ.പി., യു.പി. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതിനെ തുടർന്ന് നടപടികൾ പുരോഗമിക്കുകയാണ്. 12 സ്കൂളുകളുടെയും ടെൻഡർ നടപടികൾ മുന്നോട്ടുപോകുന്നുണ്ട്. മാർച്ച് 31നകം കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം മണ്ഡലത്തിന്റെ പ്രധാന വികസനപദ്ധതിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഫിനാൻഷ്യൽ അനുമതിയും ഭരണാനുമതിയും അടുത്തമാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡിസംബർ 31നകം സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ നെല്ലിക്കുഴി പഞ്ചായത്തിലെ അടിവാട്ട് പാലം നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ 15നകം പൂർത്തിയാക്കും. തുടർന്ന് അടുത്തമാസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ആലുവ–മൂന്നാർ ദേശീയപാതയിൽ കോതമംഗലം ബിഷപ്പ് ഹൗസ് വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരേണ്ടതുണ്ട്. ഇതിന്റെ തീയതി കളക്ടറുമായി ആലോചിച്ച് എത്രയും വേഗം തീരുമാനിക്കും. 11 കെ നോട്ടിഫിക്കേഷനു ശേഷമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാനും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
കുട്ടമ്പുഴയിലെ ബ്ലാവന പാലം നിർമാണത്തിനുള്ള ഡിസൈനും ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ സിജോ കെ. രാജ്, അജിൽ ശശീന്ദ്രൻ, ആനന്ദ് റെഡ്ഢി, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്. അരുൺ, ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ.സി സുനിത, കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥൻ പോൾ തോംസൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


















































