ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ധാരണയായി.
ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാര്‍ക്ക് പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിച്ചു. നേരത്തെ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
ബാങ്ക് ജീവനക്കാര്‍ മുന്നോട്ടുവച്ച അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാന്‍ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തില്‍ ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കും. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്നാണ് അറിയിപ്പ്. ബാക്കി ആവശ്യങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു. സമരം പിന്‍വലിച്ചതോടെ തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകള്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കും.





















































