കോതമംഗലം: പ്രകൃതിഭംഗിയും വനമേഖലയും ആദിവാസി ജീവിതവും സാഹസിക വിനോദസഞ്ചാര സാധ്യതകളും സമന്വയിക്കുന്ന മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത് നടത്തി. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി.
സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന 20 ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളിൽ മാമലക്കണ്ടത്തെയും ഉൾപ്പെടുത്തുന്നതിനായി ശുപാർശ ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും ട്രക്കിങ് ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര സാധ്യതകളും തദ്ദേശീയ സംസ്കാരവും കണക്കിലെടുത്ത് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി രാവിലെ മേട്നപ്പാറ ഉന്നതിയിലെത്തിയ എം.പി., എം.എൽ.എ., ജില്ലാ കളക്ടർ, ഡി.ടി.പി.സി. ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തിന് ഉന്നതിയിലെ മൂപ്പനും സംഘവും പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. അതോടൊപ്പം ആദിവാസികളുടെ തനത് ഭക്ഷണരീതിയായ കുമ്പംകാച്ചി ഒരുക്കി. ആദിവാസി ജീവിതവും സംസ്കാരവും അടുത്തറിയുന്നതിനുള്ള അവസരവും സംഘത്തിന് ലഭിച്ചു.
ആദിവാസി സംഘത്തിന്റെ പരമ്പരാഗത നൃത്തച്ചുവടുകൾക്കൊപ്പം എം.പി., എം.എൽ.എ., ജില്ലാ കളക്ടർ എന്നിവരും നൃത്തം ചെയ്തത് ചടങ്ങിന് വേറിട്ട നിറം പകർന്നു. ഉന്നതിയിലെ പരമ്പരാഗത സ്വീകരണവും അതിനോടനുബന്ധിച്ചുള്ള സൗഹൃദ നിമിഷങ്ങളും ശ്രദ്ധേയമായ കാഴ്ചയായി. ഉദ്ഘാടനച്ചടങ്ങിന് ശേഷം മാമലക്കണ്ടത്തുനിന്ന് കൊയ്നിപ്പാറയിലേക്ക് ട്രക്കിങ് നടത്തി.
പ്രകൃതിസൗഹൃദ ടൂറിസം പദ്ധതികളിലൂടെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇതോടെ തുടക്കമായത്. കോട്ടപ്പടി മാർ ഏലിയാസ് കോളജിലെയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെയും വിദ്യാർഥികളും കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ബിൻസി മോഹൻ, ബ്ലോക്ക് മെമ്പർ ചിഞ്ചു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു ഏലിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയൻ, അരുൺ ചന്ദ്രൻ, ലിസ്സി സൈമൺ, പഞ്ചായത്ത് മെമ്പർമാരായ കെ.പി ഗോപിനാഥൻ, ഇ.കെ ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, എ.ടി. പൗലോസ്, ഡി.ടി.പി.സി., വനം വകുപ്പ്, ടട്രൈബൽ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





















































