കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് യഥാര്‍ത്ഥ്യമായാല്‍ 65 ആദിവാസി ഉന്നതികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഈ വിവരം ചൂണ്ടിക്കാട്ടി ഓള്‍ഡ് ആലുവ – മൂന്നാര്‍ (രാജപാത) റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആദിവാസിക്ഷേമ മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആദിവാസി ക്ഷേമവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടിമാലി, മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാന പട്ടികവര്‍ഗക്ഷേമ ഡയറക്ടര്‍ക്ക് നല്‍കിയെങ്കിലും അവിടെനിന്ന് ഫയല്‍ മുന്നോട്ടുപോയില്ലെന്നാണ് ആരോപണം.




















































