കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള പതിനാല് കിലോമീറ്റര്‍ ഭാഗം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍മാണം തടഞ്ഞതോടെ, കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. നിലവില്‍ മൂന്നാറിലേക്കുള്ള ഈ പ്രധാന മലമ്പാതയില്‍ സുരക്ഷാഭിത്തികളില്ലാതെ കുത്തനെയുള്ള താഴ്ചകളുടെ വശങ്ങളില്‍ ഇരുമ്പ് കമ്പികള്‍ മാത്രമാണ് ഉയര്‍ന്നുനില്‍ക്കുന്നത്.
വരാനിരിക്കുന്ന മഴക്കാലത്ത് കാഴ്ച മങ്ങുന്നതും മണ്ണിടിച്ചില്‍ സാധ്യതയുള്ളതുമായ സാഹചര്യങ്ങളില്‍, റോഡരികിലെ ഈ കമ്പികളും സംരക്ഷണഭിത്തികളുടെ അഭാവവും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. മഴക്കാലത്തിന് തൊട്ടുമുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ദേശീയപാത അതോറിറ്റിയും വനംവകുപ്പും അടിയന്തരമായി ഇടപെട്ട് നിയമതടസ്സങ്ങള്‍ നീക്കണമെന്നും, അപകടഭീഷണിയൊഴിവാക്കാന്‍ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.






















































