കോതമംഗലം: മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ആവോലിച്ചാല്‍ മുണ്ടോത്തുകര ഷാജന് (51) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകല്‍ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് അപകടം.റോഡില്‍വീണ ഷാജനെ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചത്.
വാരിയെല്ലുകള്‍ക്ക് പൊട്ടല്‍ ഉള്‍പ്പെടെ ശരീരമാസകലം ഷാജന് പരിക്കുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷാജന് പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഷാജന്റെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും. വനംവകുപ്പിന്റെ പ്ലാന്റേഷന് ഉള്ളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മ്ലാവ്,കേഴ,കാട്ടുപന്നി തുടങ്ങിയ മൃഗങ്ങള്‍ പലപ്പോഴും റോഡിലെ യാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നുണ്ട്.



















































