കോതമംഗലം :- കോതമംഗലത്ത് അമിത വേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ചേലാട് പള്ളിത്താഴത്ത് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്ന തങ്കളം തൃക്കാരിയൂർ കരയിൽ ചെങ്ങര പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിൻ്റെ മകൻ തങ്കപ്പൻ (63) എന്നയാളാണ് അപകടത്തില്‍ തൽക്ഷണം മരിച്ചത്. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു. ചേലാട് സെന്റ് സ്റ്റീഫൻ ബെസ് ആനിയ ജാക്കോബിറ്റ് പള്ളിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. അമിതവേഗതയിൽ റോങ് സൈഡിലൂടെ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു
