കോതമംഗലം : വടാട്ടുപാറ – ഇടമലയാർ റോഡിൽ 3 കലുങ്കുകൾ നിർമ്മിക്കുവാൻ 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നിലവിൽ ഈ റോഡിൽ പലവൻ പടിയ്ക്കും ഇടമലയാർ റോഡിനുഇടയിൽ മൂന്ന് ഇടങ്ങളിലായി പൊതുമരാമത്ത് റോഡിൽ ചപ്പാത്തുകളാണ് ഉള്ളത്. ഇതുമൂലം കാലാവസ്ഥ പ്രതികൂലമായി മാറുന്ന സാഹചര്യത്തിൽ ചപ്പാത്തുകളിൽ വലിയ തോതിൽ വെള്ളംമെത്തുകയും ഈ റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യവുമാണ്.
റോഡിൽ വെള്ളം കയറുന്നത് മൂലം താളുംകണ്ടം,പോങ്ങൻചുവട് എന്നീ ആദിവാസി നഗറുകളിലേക്കും,ഇടമലയാർ ഡാം,പവർ ഹൗസ്,എൽ പി സ്കൂൾ,പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര തടസ്സപ്പെടുന്ന സാഹചര്യമാണ്. ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ വേണ്ടിയാണ് ചപ്പാത്തുകളുടെ സ്ഥാനത്ത് പുതിയതായി മൂന്ന് കലുങ്കുകൾ നിർമ്മിക്കുന്നത്. കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് മൂലം ഈ റോഡിലൂടെയുള്ള യാത്ര തടസ്സപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്നും എം എൽ എ പറഞ്ഞു. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.