കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദേഹോപദ്രവം, കൊലപാതകശ്രമം, മയക്കുമരുന്ന്, മോഷണം, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ 2020 ൽ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ലിന്‍റോ കഴിഞ്ഞ ജൂണിൽ കുറുപ്പംപടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടിരുന്നതാണ്. തുടർന്ന് ഒളിവിൽപ്പോയ ഇയാളെ കുറുപ്പംപടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 63 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലടച്ചു., 40 പേരെ നാട് കടത്തി.
