കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സേവനം കുട്ടമ്പുഴ പഞ്ചായത്തിലെ ദുർഘട ആദിവാസി ഊരുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു. ബ്ലാവന കടത്ത് കടന്ന് മണിക്കൂറുകൾ വന പാതയിലൂടെ സഞ്ചരിച്ച് എത്തേണ്ട ആറ് ആദിവാസി ഊരുകൾ ഇവിടെയുണ്ട്.
തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ഊരുകൾക്ക് പുറമെ കല്ലേലിമേട് കുടിയേറ്റ ഗ്രാമവും വനത്തിനുള്ളിലുണ്ട്.
285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങളുടെ ജീവിതം ദുസഹമാണ്. പ്രദേശത്ത് ഒരിടത്തും വൈദ്യുതിയെത്തിയിട്ടില്ല. എല്ലായിടത്തും വന്യമൃഗ ഭീഷണിയുണ്ട്. വഴിനീളെ ആന പിണ്ഡമാണ്. ഏതാനും ദിവസം മുൻപ് കാട്ടാനയും കടുവയും ചത്തു കിടന്നത് വാരിയം കോളനിക്ക് സമീപമാണ്. ഈ മേഖലയിലേക്ക് ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ മാത്രമേ എത്തിച്ചേരാൻ കഴിയൂ. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോഴാണ് ഇവർ വലയുന്നത്. വാരിയത്ത് നിന്നു മൂന്നു മണിക്കൂർ ജീപ്പിൽ സഞ്ചരിച്ചു വേണം ബ്ലാവന കടവിൽ എത്താൻ. കനത്ത മഴയാണെങ്കിൽ കുലംകുത്തി ഒഴുകുന്ന പുഴ കടക്കാൻ കഴിയില്ല. ഒട്ടനവധി കിടപ്പ് രോഗികൾ ഇവിടെയുണ്ട്. ഇവർക്ക് നിലവിൽ ലഭിക്കുന്ന പാലിയേറ്റീവ് സേവനം പരിമിതമാണ്. നിയോജക മണ്ഡലത്തിലെ അയ്യായിരത്തോളം കിടപ്പു രോഗികളെ വീടുകളിൽ എത്തി പരിചരിക്കുന്ന വിപുലമായ സംവിധാനം എൻ്റെനാട് കൂട്ടായ്മയ്ക്കുണ്ട്.
പ്രത്യേക വാഹനം ഒരുക്കി ദുർഘട മേഖലയിൽ പാലിയേറ്റീവ് സേവനം എത്തിക്കാനുള്ള ശ്രമകരമായ ദൗത്യം ‘എൻ്റെനാട്’ ഏറ്റെടുക്കുകയാണ്. ഒക്ടോബർ രണ്ട് മുതൽ മുടക്കം കൂടാതെ ഈ ഊരുകളിൽ പാലിയേറ്റീവ് സേവനം ലഭ്യമാക്കും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും പാലിയേറ്റീവ് കെയർ സെൻ്റർ ആരംഭിക്കും. എല്ലായിടത്തും സൗജന്യ ആംബുലൻസ് സേവനവും ഉറപ്പാക്കുമെന്നും ഷിബു തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജോർജ് അമ്പാട്ട്, സി.ജെ.എൽദോസ്, ജോഷി പൊട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.