പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമാക്കിയതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം. എൽ. എ ഓഫിസിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇതിന്റെ ടെൻഡർ നടപടികൾ മുൻപ് പൂർത്തീകരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.
രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക പരിശോധന വൈദ്യുതി വകുപ്പ് പൂർത്തിയാക്കി. ഔഷധി ജംഗ്ഷനിൽ ജല വകുപ്പിന്റെ പൈപ്പ് ലൈൻ കടന്ന് പോകുന്നതിനാൽ റോഡിന് മുകളിൽ കൂടിയായിരിക്കും കേബിളുകൾ വലിക്കുന്നത്. രണ്ട് മാസങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ഫാത്തിമ കൺസ്ട്രക്ഷൻ ആണ് വൈദ്യുതി വകുപ്പിന് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മുടിക്കൽ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് ഫീഡറുകളിലായിട്ടാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ആലുവ മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം മുതൽ യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയാണ് ഒന്നാമത്തെ കേബിൾ സ്ഥാപിക്കുന്നത്. സീമാസ് മുതൽ കുഴിപ്പിള്ളിക്കാവ് വഴി എം.സി റോഡിലൂടെ കിച്ചൻ മാർട്ട് പരിസരം വഴി ഔഷധി ജംഗ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തെ കേബിൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ അനുവദിച്ച 20 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് വേണ്ടി വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ദ്യുതി പദ്ധതിയിൽ പ്രവൃത്തികൾ അനുവദിക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാലര കോടി രൂപയാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന് വശത്ത് കൂടി കേബിളുകൾ സ്ഥാപയ്ക്കുന്നതിന് എച്ച്. ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബീവി ബക്കർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ മനോജ് കെ, സുരേഷ് എസ്, എഞ്ചിനിയർ എം.ഐ അബുബക്കർ, ബി.എസ്.എൻ.എൽ സബ് ഡിവിഷണൽ എഞ്ചിനിയർ കൃഷ്ണ മോഹൻ, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനിയർ ശാരിക ടി.എസ്, ഓവർസിയർ മൃദുല കെ.ആർ, വാട്ടർ അതോറിറ്റി അസി. എഞ്ചിനിയർ പൗലോസ് ടി.പി, നഗരസഭ അസി. എഞ്ചിനിയർ ജയ പി. എസ്, ട്രാഫിക് പോലീസ് സ്റ്റേഷൻ ഓഫിസർ ശശി കെ.കെ, വ്യാപരി വ്യവസായി പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ, എം. ചെറിയാൻ, റിലയൻസ് ജിയോ മാനേജർ രജവ് കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.