കോതമംഗലം :- ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. ആയിരത്തി തൊള്ളയിരത്തി എൺപത്തി എട്ടു മുതൽ ലോകാരോഗ്യ സംഘടന, ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനമായി ആചരിച്ചു പോരുന്നു. കഴിഞ്ഞ മുപ്പത്തി രണ്ടു വർഷങ്ങളായി എയ്ഡ്സിനെ സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ഒരു നല്ല അവബോധം സൃഷ്ടിക്കാൻ ലോകാരോഗ്യ സംഘടനക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് എന്ന മഹാമാരി കണ്ടെത്തിയത്, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ ചെന്നൈ നഗരത്തിലാണ് ,ഇതിനെ കുറിച്ച് പഠനം നടത്തിയതാകട്ടെ, ചെന്നൈയിലെ അന്നത്തെ മൈക്രോ ബയോളജി വിദ്യാർത്ഥിനിയായ സെല്ലപ്പൻ നിർമലയെന്ന വനിതയാണ്.
തന്റെ പ്രബന്ധത്തിനായി ഒരു വിഷയം എന്ന രീതിയിലാണ് അക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടിരുന്നതും ഇന്ത്യയിൽ ഇല്ലെന്നു വിശ്വസിച്ചിരുന്നതുമായ എയ്ഡ്സ് എന്ന മഹാമാരിയെകുറിച്ച് അവർ പഠനം ആരംഭിച്ചത്. ചെന്നൈയിലെ ലൈംഗിക തൊഴിലാളി കളായ സ്ത്രീകളിൽ അവർ കുറച്ചു മാസങ്ങൾ നടത്തിയ പഠനം ഞെട്ടിക്കുന്ന ആ വസ്തുത കണ്ടെത്തി , ഇന്ത്യയിലും എയ്ഡ്സ് രോഗബാധിതരുണ്ടെന്ന സത്യം. എയ്ഡ്സ് എന്ന മഹാമാരി ഭാരതത്തിൽ എത്തി എന്ന വിവരം അങ്ങനെ പുറത്തുവന്നു.ഒരു സ്ത്രീയുടെ വിജയം. ഒരു സ്ത്രീയിൽ ആദ്യമായി എയ്ഡ്സ് രോഗം കണ്ടെത്തിയത് മറ്റൊരു സ്ത്രീയാണെന്നതും ശ്രദ്ധേയമായി.
ഇപ്പോൾ നമ്മളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന,ഈ ഡിസംബറിൽ ഒന്നാം ജന്മദിനമാഘോഷിക്കുന്ന കൊറോണ അഥവാ കോവിഡ് വൈറസ് വ്യാപനം ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും മറ്റൊരു വനിത തന്നെയാണ്. ചൈനയിലെ വുഹാൻ സ്വദേശിനിയായ ഡോക്ടർ ‘ഴാങ് ജിക്സിയാൻ ‘. രണ്ടായിരത്തി പത്തൊൻപത് ഡിസംബർ മാസം തന്റെ അടുക്കൽ ഒരേ പോലുള്ള രോഗ ലക്ഷണങ്ങളുമായി കുറെയേറെ ആളുകൾ ചികിത്സ തേടി എത്തിയത്തോടെ അപൂർവമായ ഏതെങ്കിലും രോഗമാണോയെന്ന സംശയം ‘ഴാങ്ങി’നു ബലപ്പെടുകയും, രോഗികളെ നിരീക്ഷിച്ചതിന്റെ വിവരങ്ങളും, തന്റെ കണ്ടെത്തലുകളും അവർ ഉടൻ തന്നെ വുഹാനിലെ ആരോഗ്യ വകുപ്പിലെ ഉന്നതരെ അറിയിക്കുകയാണുണ്ടായത്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ നോവൽ കൊറോണ വൈറസ് എന്ന പുതിയ രോഗാണുവിനെ ഗവേഷകർ കണ്ടെത്തി.
ഇതിനേക്കാളെല്ലാം കൗതുകകരമായ കാര്യം ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗം കണ്ടെത്തിയത് കേരളത്തിലെ ഒരു വനിതയിലാണ്. വുഹാനിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ കേരളത്തിലെത്തിയ തൃശൂർക്കാരിയായ ഒരു യുവതിയിൽ. യാഥർച്ഛികമാണെങ്കിലും ലോക മഹാമാരികളുടെ വ്യാപനം കണ്ടെത്തുവാൻ രണ്ടിടങ്ങളിൽ,രണ്ടു സ്ത്രീകൾ കാണിച്ച ആത്മാർത്ഥമായ സേവനങ്ങൾ ഓർമിക്കപെടുന്ന ഒന്നാണ്. കോവിഡും,എയ്ഡ്സും മൂലം ചില സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ശസ്ത്രക്രിയകളുടെ സമയത്തു സ്വീകരിക്കുന്ന രക്ത ത്തിൽ നിന്നും, സ്വന്തം ഭർത്താവിൽ നിന്നുമെല്ലാം താൻപോലുമറിയാതെ തന്നിലേക്കെത്തുന്ന എയ്ഡ്സ് രോഗാണു, പിന്നീട് അവരിൽ നിന്നും കുഞ്ഞുങ്ങളിലേക്കും ബാധിക്കുന്നുവെന്ന വസ്തുത, പല സ്ത്രീകളുടെയും ദുഃഖത്തിനു കാരണമാകാറുമുണ്ട്. അതുപോലെ കോവിഡ് ഭീഷണി മൂലം പുറത്തിറങ്ങാതെ വീടുകളിൽ തന്നെയിരിക്കുന്ന പ്രായമായ അമ്മമാർ, മാനസികമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
അനുഗ്രഹമുള്ളവരും, അറിവിന്റെ അമ്മയും ദൈവത്തിന്റെ മനോഹര സൃഷ്ടിയും സ്ത്രീയാണെന്ന് പണ്ടേ പറയുന്നതു കേൾക്കാം. ഉജ്വലരത്നങ്ങളായ ചെന്നൈ സ്വദേശിയായ ‘സെല്ലപ്പൻ നിർമലയുടെയും ‘ വുഹാനിലെ ഡോക്ടറായ ‘ഴാങ് ജിക്സിയാന്റെയും ‘. ക്രിയാത്മകമായ ഇടപെടൽ മൂലം മനുഷ്യരാശിക്ക് ഭീഷണി യായ രണ്ടു മഹാ രോഗങ്ങളെ കുറിച്ച് അറിയാനിടയായതിൽ, ലോകമുള്ളയിടത്തോളം ഇവർ നന്ദിയോടെ ഓർമിക്കപെടുക തന്നെ ചെയ്യും.