കോതമംഗലം : നവംബർ 26, വർഷങ്ങളായി ലോകം കേക്ക് ദിനമായി ആചരിച്ചു പോരുന്നു. കേക്ക് നിർമ്മാണ രീതി, കേക്കിന്റെ രുചികൂട്ട് തുടങ്ങി കേക്കിന്റെ ലോകപ്രചാരത്തിനായി ഒരു ദിനം. പണ്ടൊക്കെ ജന്മദിനത്തിനും മറ്റും കേക്ക് മുറിക്കുക എന്ന പരിപാടി സിനിമകളിലും, സമ്പന്നൻമാരുടെ ഇടയിലുമൊതുങ്ങിയ ഒന്നായിരുന്നെങ്കിൽ ഇപ്പോൾ കാലം മാറി കേക്കുകൾ വീടുകളിൽ തന്നെ നിർമിച്ചു തുടങ്ങി. ഈ ലോക്ക്ഡൌൺ കാലത്ത് വീടുകളിൽ സാധാരണ പാചക വിദഗ്ധകളായ അമ്മമാരും എന്തിനു പറയുന്നു കുട്ടികളും വരെ കേക്ക് സ്പെഷ്യലിസ്റ്റുകളായി, വാൻജോ , ബ്ലാക്ക് ഫോറെസ്റ്റ്, തുടങ്ങി സിനിമ നടൻമാരുടെ ചിത്രങ്ങൾ വച്ചു വരെ കേക്കുകൾ ഉണ്ടാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്തു, കേക്കിന്റെ മാത്രം കടകളും തുടങ്ങി.വീട്ടുകാരും നാട്ടുകാരും കേക്ക് കഴിച്ചു മടുത്തു, വലിയ ചിലവൊന്നുമില്ലാതിരുന്ന ബേക്കിങ് പൌഡർ, കൊക്കോ പൌഡർ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയായി.
ലോകത്തെവിടെ ചെന്നാലും,ഏതു പുതിയ കണ്ടുപിടുത്തങ്ങൾക്കു പുറകിലെവിടെയെങ്കിലും ഒരു മലയാളി കാണുമെന്നത് വെറുതെ പറയുന്നതല്ല. ഇന്ത്യയിലെ ആദ്യ കേക്ക് നിർമിച്ചത് ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നിൽ നമ്മുടെ തലശ്ശേരി യിലുള്ള ‘മമ്പള്ളി ബാപ്പുവാണ്. ബർമ്മയിൽ നിന്നു ബിസ്ക്കറ്റ് നിർമ്മാണം പഠിച്ച മമ്പള്ളി ബാപ്പു തലശ്ശേരിയിൽ തിരിച്ചെത്തി ആയിരത്തി എണ്ണൂറ്റി എൺപതിൽ ‘റോയൽ ബിസ്ക്കറ് ഫാക്ടറി’ എന്നൊരു സ്ഥാപനം തുടങ്ങി. ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നു നവംബർ മാസം ഒരു നാൾ അതു വഴി വന്ന ‘മാട്രോ ബ്രൗൺ’ എന്ന സായിപ്പ് ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്ന ഒരു കേക്ക് കഷണവുമായി മമ്പള്ളി ബാപ്പുവിന്റെ അടുത്തെത്തി, ഇതുപോലെ ഒരു കേക്കുണ്ടാക്കി വരുന്ന ക്രിസ്തുമസിന് മുൻപ് നൽകാൻ ആവശ്യപ്പെട്ടുവത്രെ. കേട്ടുകേൾവി മാത്രമുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു സായിപ്പ് പറഞ്ഞു കൊടുത്തു. മമ്പള്ളി ബാപ്പുവാകട്ടെ ഇരുമ്പു പണിക്കാരെ കൊണ്ടു വലിയ അച്ചുണ്ടാക്കി വളരെ പാടുപെട്ടു ബുദ്ധിപൂർവം നല്ലൊരു കേക്കുണ്ടാക്കി പറഞ്ഞ സമയത്ത് സായിപ്പിനു കൊടുത്തു. കേക്കു കഴിച്ച സായിപ്പ് അതിന്റെ രുചി അറിഞ്ഞു പത്തു കേക്കിനു കൂടി ഓർഡർ കൊടുത്തത്രെ,മലയാളിയുടെ മഹത്വം. ഇന്ത്യയിലെ ആദ്യത്തെ കേക്കിന്റെ പ്രശസ്തി മലയാളനാട്ടിൽ മുഴുവൻ മാത്രമല്ല ഇന്ത്യയിലാകെ പരന്നു. മമ്പള്ളി ബേക്കറി ഇപ്പോൾ തലശ്ശേരിയിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ സ്ഥാപനമായി.
നൂറ്റി മുപ്പത്തി ഏഴു വർഷം പഴക്കമുണ്ട് ഇന്ത്യയിലെ കേക്ക് നിർമ്മാണത്തിന്. കേക്കുകൾ എല്ലാം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജന്മദിനം, കല്യാണം, വിവാഹ വാർഷികം, തുടങ്ങി എല്ലാവിധ നല്ല കാര്യങ്ങൾക്കും കേക്ക് ഇപ്പോൾ അഭിഭാജ്യ ഘടകമാണ്. കുഞ്ഞു കുട്ടികൾ ക്രീം കേക്കുകൾ മുഖത്തും മറ്റും തേച്ചു പിടിപ്പിച്ചു ജന്മദിനങ്ങൾ മനോഹരമാക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്. കേക്ക് നിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന നമ്മുടെ കുഞ്ഞുങ്ങളും, അമ്മമാരും ഈ ലോക കേക്ക് ദിനത്തിലും, ഭാവിയിലും വളരെ വ്യത്യസ്തമായ പലതരം കേക്കുകളുമായി നമ്മുടെ മുന്നിലെത്തുമെന്ന് ഉറപ്പാണ്.