കോതമംഗലം:സെഫാനിയയ്ക്ക് മുന്നില് ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില് നല്ലൊരു പോള് കിട്ടണം. എന്നാലേ സംസ്ഥാന സ്കൂള് കായികമേളയില് മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില് മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്കിയ വാക്ക് നിറവേറ്റാനാകൂ. വെള്ളിയാഴ്ച നടന്ന സീനിയര് ഗേള്സ് പോള്വാള്ട്ട് മത്സരത്തില് ചെറിയ പോളുമായി ഇറങ്ങിയാണ് കോതമംഗലം മാര്ബേസില് എച്ച്എസ്എസിലെ താരം സ്വര്ണനേട്ടത്തോടെ കോഴിക്കോട്ടേക്ക് ടിക്കറ്റുറപ്പിച്ചത്. മൂന്ന് മീറ്റര് കീഴടക്കിയായിരുന്നു നേട്ടം. കരിയര് ബെസ്റ്റായ 3.10 മീറ്റര് മറികടക്കാന് കൈവശമുള്ള പോള് തടസമായി.
ഒന്നര ലക്ഷത്തോളം രൂപയാകും പുതിയ പോളിന്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് ഇത്രയും തുക മുടക്കി പോള് വാങ്ങുകയെന്നത് സ്വപ്നംപോലും കാണാന് കഴിയാത്തതാണ്. ബിഎഡിന് പഠിക്കുന്ന മാതാവ് മേരി ധന്യ ജോണാണ് സെഫാനിയയുടെ ആത്മബലം. സ്കൂള് ഹോസ്റ്റലില് നിന്നാണ് പഠനം. നാല് വര്ഷമായി സി.ആര് മധുവിന് കീഴിലാണ് പരിശീലനം. കഴിഞ്ഞ വര്ഷവും അതിന് മുമ്പും സുമനസുകള് സമ്മാനിച്ച പോള് ജൂനിയര് വിഭാഗത്തില് മത്സരത്തിനിടെ ഒടിഞ്ഞുപോയിരുന്നു.
പതറാതെ പോരാടിയ സെഫാനിയ ആദ്യ കായികമേളയില് വെള്ളിയും കഴിഞ്ഞവര്ഷം സ്വര്ണവും നേടിയിരുന്നു. 2024ല് മത്സരം കാണാന് പിതാവ് ജിറ്റുവുണ്ടായിരുന്നു. കഴിഞ്ഞ വര്ഷമായിരുന്നു പിതാവിന്റെ വിയോഗം. വെള്ളി മെഡല് നേടിയപ്പോള് പിതാവിന് നല്കിയ വാക്കാണ് ഇനിമുതല് എല്ലാ മത്സരങ്ങളിലും സ്വര്ണം നേടുമെന്നത്. പോള് ഇല്ലാത്തതിനാല് കഴിഞ്ഞ മാസം ഗോവയില് നടന്ന വേള്ഡ് സ്കൂള് മീറ്റിനുള്ള സെലക്ഷനില് യോഗ്യത നേടാന് കഴിഞ്ഞില്ല. സുമനസുകള് കനിയുമെന്ന പ്രതീക്ഷയിലാണ് സെഫാനിയ.


















































