കോതമംഗലം: കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ശല്യം ഫലപ്രഥമായി തടയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.
വന്യമൃഗ ശല്യം പരിഹാരത്തിനുള്ള കൃത്യമായ പഠന റിപ്പോർട്ട് സർക്കാരിൻ്റെ പക്കലുണ്ട്.
വന്യ ജീവി സംരക്ഷണ നിയമത്തിൽ നേരത്തെ ആദിവാസി സമൂഹത്തിനും കർഷകർക്കും വേട്ടയ്ക്ക് അനുമതി ഉണ്ടായിരുന്നു. പിന്നീട് വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തി. എന്നാൽ ഇന്ന് സ്ഥിതി മാറി. മൃഗങ്ങളുടെ എണ്ണം ക്രമാധീതമായി വർധിച്ചു.
മൃഗങ്ങൾ കാടിറങ്ങാൻ തുടങ്ങി. മനുഷ്യനും കൃഷിക്കും വളർത്തുമൃഗങ്ങൾക്കും വന്യജീവികൾ ഭീഷണിയായി.
പ്രതിവർഷം നൂറിലേറെ പേരാണ് മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പോയ വർഷം മാത്രം 1239 പേർ മൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റ് പാതി പ്രാണനായി ജീവിക്കുന്നുണ്ട്. 6795 കർഷകരുടെ ജീവിത മാർഗ്ഗം മൃഗങ്ങൾ കശക്കിയെറിഞ്ഞു. 488 വളർത്തുമൃഗങ്ങളെ കൊന്നു തള്ളി. 2017 ലാണ് സർക്കാർ കാട്ടാനകളുടെ കണക്കെടുത്തത്. 5703 കാട്ടാനകൾ നമ്മുടെ വനത്തിൽ അന്നുണ്ടായിരുന്നു. അനൗദ്യോഗിക കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. കാട്ടാനകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നു. കാട്ടുപന്നികൾ കൈയ്യും കണക്കുമില്ലാതെ പെറ്റ് പെരുകുകയാണ്.
സെൻ്റർ ഫോർ ഡെവലപ്മെൻ്റ് സ്റ്റഡീസ് പറയുന്നു. കാട്ടുപന്നികളെ വേട്ടയാടാൻ അനുമതി കൊടുക്കണമെന്നു മാത്രമല്ല. വലിയ ഡിമാൻറുള്ള ഇവയുടെ മാംസം സംസ്കരിച്ച് വിപണിയിൽ എത്തിക്കുന്ന വ്യവസായ സംരംഭം ആരംഭിക്കണമെന്നാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ കാലങ്ങളായ ആവശ്യമാണ്.
2021 ജൂണിൽ വനം വകുപ്പ് കേന്ദ്രത്തിന് ഇതു സംബന്ധിച്ച് ഒരു കത്ത് നൽകിയതല്ലാതെ തുടർനടപടികൾ ഉണ്ടായിട്ടില്ല. കേന്ദ്രം ആവശ്യപ്പെട്ട വിശദ്ദമായ റിപ്പോർട്ട് നൽകാൻ ഇതുവരെ വനം വകുപ്പ് തയാറായിട്ടില്ലെന്ന് ഷിബു ആരോപിച്ചു. കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ് വിഷയം അവതരിപ്പിച്ചു. യു.കെ.കാസിം,എ.സി. രാജശേഖരൻ,ചന്ദ്രലേഖ ശശീന്ദ്രൻ, എം.പി.ബേബി, കെ.പി.കുര്യാക്കോസ്, ബിജു വെട്ടിക്കുഴ, ടി.കെ.കുഞ്ഞുമോൻ, സജി തെക്കേക്കര, ബെന്നി പേൾ എന്നിവർ പ്രസംഗിച്ചു.