പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ മേഖലയില്‍ സമീപകാലത്ത് മോട്ടോര്‍ പമ്പ് സെറ്റുകളുടെ മോഷണം പെരുകുന്നു. മടത്തോത്തുപാറ, ആനത്തുഴി, അല്‍ഫോന്‍സാ നഗര്‍, ചാത്തമറ്റം, വടക്കേ പുന്നമറ്റം പ്രദേശങ്ങളിലായി ഒരു ഡെസനോളം മോട്ടറുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മോഷണം പോയത്. വലിയ മാര്ത്താങ്കല് ഏബ്രഹാം, ഇട്ടുകുന്നേല്‍ ശാന്ത, മാത്യു വട്ടക്കുഴിയില്‍, ജോഷി കൊച്ചുമുട്ടം, കുട്ടപ്പന് പുറ്റുംപുറത്ത് എന്നിവരുടെ മോട്ടോറുകള്‍ മോഷണം പോയതിന് പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
മുള്ളരിങ്ങാട് ബാബുവിന്റെ പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്ന് ഒരു മോട്ടറും ആറ് ഫാനുകളും മോഷണം പോയി. മെയിന്‍ റോഡിന്റെ അരികിലും സിസിടിവിയുള്ള വീടുകളുടെ സമീപത്തുനിന്നും മോഷണം നടക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
