പെരുമ്പാവൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടിൽ ലാൽ കിച്ചു (34) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. അത്താണിയിൽ ബിനോയി എന്നയാളുടെ കൊലപാതകവുമായി ബന്ധപെട്ട് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി ഉപാധികളോടെ ജാമ്യം നൽകി. ഇത് ലംഘിച്ച് നെടുമ്പാശേരിയിലെ ഒരു ബാറിൽ അതിക്രമിച്ച് കയറി പണമാവശ്യപെടുകയും, വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ച് വരികയാണെന്ന് എസ്.പി കെ.കാർത്തിക് പറഞ്ഞു.
നിലവിൽ മുപ്പത്തിമൂന്ന് പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.