കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ വിശ്വാസി സമൂഹത്തിന് ആരാധനക്കായി നിർമ്മിക്കപ്പെട്ടതും, ആഗോള സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പാലിക്കുന്നതിനും ഉള്ള യാക്കോബായ സുറിയാനി പള്ളികളിൽ 1912ൽ യാക്കോബായ സഭയിൽ കലഹമുണ്ടാക്കി പുറത്ത് പോയ കോട്ടയം ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തു.
കോതമംഗലം ഓടക്കാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഉൾപ്പെടെയുള്ള ആറ് പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന വിധിക്ക് എതിരെ യാക്കോബായ സഭ നൽകിയ അപ്പീൽ അനുവദിച്ചാണ് പോലീസ് സംരക്ഷണം ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാ തർക്കത്തിന് ഈ വിധി ശാശ്വത പരിഹാരമാകുമെന്ന വിശ്വാസം സഭാ മക്കൾക്കുണ്ടെന്ന് യാക്കോബായ സഭ വൈദീക ട്രസ്‌റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ പ്രതികരിച്ചു.
കോടതി വിധി സ്വന്തം പള്ളികളിൽ നിന്ന് പുറത്താക്കപ്പെട്ട വിശ്വാസികളുടെ കണ്ണുനീരിൻ്റെ വിലയാണ് എന്നും സത്യത്തിൻ്റെ വിജയമാണെന്നും യാക്കോബായ സഭാ ട്രസ്‌റ്റി തമ്പു ജോർജ് തുകലൻ പറഞ്ഞു.
സഭക്ക് അനുകൂലമായി കിട്ടിയ വിധിയുടെ തുടർ നടപടികൾ വിദേശ പര്യടനത്തിലായിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മടങ്ങിയെത്തിയതിന് ശേഷം പ്രഖ്യാപിക്കുമെന്ന് സഭാ സെക്രട്ടറി ജേക്കബ് സി മാത്യു പ്രതികരിച്ചു.



















































