കോതമംഗലം: ആരോഗ്യ വിഭാഗം കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെയും, വൃത്തിഹീനമായും നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ ഷവർമ പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ ആരോഗ്യ വിഭാഗമാണ് കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തിയത്. കോതമംഗലത്തെ 12 ഭക്ഷണശാലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ മുബാറക്ക്, ടേസ്റ്റി പാലപ്പം എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ സെക്രട്ടറിക്ക് ശുപാർശ ചെയ്യും. മുൻസിപ്പൽ ബസ് സ്റ്റാൻഡിങ് സമീപത്തുള്ള ത്രീ സ്റ്റാർ, തങ്കളത്തെ ബിന്ദു തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തങ്കളത്തെ പുലരി കുടുബശ്രീ ഹോട്ടൽ, മലയിൻകീഴ് ഐറിസ് , ബ്ലോക്ക് ഓഫീസിന് സമീപത്തെ അനന്യ, കോളേജ് ജംഗ്ഷനിലെ മാസ്സ് തുടങ്ങിയ ഹോട്ടലുകളിൽ വൃത്തിഹീന സാഹചര്യം ഉള്ളതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കോതമംഗലത്തെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവ്, സൂര്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സൗമ്യ ദാസ് ,റെജി വർഗീസ്, ജോൺസി ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഓപ്പറേഷൻ ഷവർമ പ്രകാരമുള്ള പരിശോധനകൾ ഇനിയും തുടരുമെന്ന് കോതമംഗലം നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവൽ പറഞ്ഞു. പല ഹോട്ടലുകളുടേയും അടുക്കള വൃത്തി ഹീനമാണെന്നും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.