കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് ‘ഓക്സിജൻ കപ്പ്’ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജനപ്രതിനിധികളുടെ എം.എൽ.എ ഇലവനും കേരള പോലീസ് ഇലവനും നേർക്കുനേർ ഏറ്റുമുട്ടി.
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ പോലീസ് ഇലവൻ വിജയിച്ചു. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ലഭിച്ച പെനാൽറ്റി അവസരം എം.എൽ.എ ഇലവൻ ഗോളാക്കി മാറ്റി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വിജയത്തിലേക്ക് എത്താനായില്ല. അവസാന വിസിൽ മുഴങ്ങുംവരെ ഇരുടീമുകളും പോരാട്ടവീര്യം പുറത്തെടുത്ത മത്സരം കാണികൾക്ക് ആവേശകരമായ കാഴ്ചയായി.
വനിതാ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരവും ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാ വനിതാ ജനപ്രതിനിധികളും ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ കവളങ്ങാട് പഞ്ചായത്ത് അംഗം ഷിഞ്ചു ബെന്നി ഒന്നാം സ്ഥാനവും, പല്ലാരിമംഗലം പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ രണ്ടാം സ്ഥാനവും, കോട്ടപ്പടിപഞ്ചായത്ത് അംഗം ബിൻസി മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ‘ഓക്സിജൻ കപ്പ്’ സംഘടിപ്പിച്ചതെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ജനപ്രതിനിധികളും പോലീസും ഒരേ മൈതാനത്ത് അണിനിരന്ന ‘ഓക്സിജൻ കപ്പ്’ ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തം വിളിച്ചോതിയ ജനകീയ പരിപാടിയായി.




















































