കോതമംഗലം: മണ്ഡലത്തിൽ നടപ്പാക്കുന്ന പത്തിന വികസന പദ്ധതിയുമായി കോതമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിൻ്റെ ജനസമ്പർക്ക പരിപാടി തുടങ്ങി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ഭക്ഷ്യ സുരക്ഷ മാർക്കറ്റ്, ഏവർക്കും സ്വന്തം വീട്, പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, സൗജന്യ സിവിൽ സർവീസ് പരിശീലനം, ഭിന്നശേഷിക്കാരായ കുട്ടികൾക്കും മികവു പുലർത്തുന്നവർക്കും സ്കോളർഷിപ്പ്, ആരോഗ്യ പ്രശ്നം ഉള്ളവർക്ക് മിനിമം വേജ്, വിധവകൾക്ക് പെൻഷൻ, വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ തുടങ്ങി വാഗ്ദാനങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഷിബു.
മാർത്തോമ ചെറിയ പള്ളി, വിശുദ്ധ മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി, സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ശേഷമാണ് ജനസമ്പർക്ക പരിപാടി ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു, ജനറൽ കൺവീനർ പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, എബി എബ്രാഹാം, സി.കെ.സത്യൻ എന്നിവർ പങ്കെടുത്തു. ടൗണിൽ ഐഎൻടിയുസി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. അബു മൊയ്തീൻ, റോയ് കെ.പോൾ, പി.സി.ജോർജ്, ചന്ദ്രലേഖ ശശിധരൻ എന്നിവർ പ്രസംഗിച്ചു.