കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍ റോഡ്) പുനരുദ്ധാരണ പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലാകുന്നതായി പരാതി. കേന്ദ്ര ട്രൈബല്‍ മന്ത്രാലയവും മുഖ്യമന്ത്രിയുടെ കാര്യാലയവും ആവശ്യപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ എസ്‌സി / എസ്ടി ഡെവലപ്പ്‌മെന്റ് (ഇ) ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും, മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ക്കായി കേന്ദ്ര എഫ്ആര്‍എ ഡിവിഷനിലേക്കോ മുഖ്യമന്ത്രിയുടെയോ, മന്ത്രിയുടെയോ പരിഗണനയ്ക്കോ കൈമാറാന്‍ ട്രൈബല്‍ വകുപ്പ് തയ്യാറായിട്ടില്ല.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാത യാഥാര്‍ത്ഥ്യമായാല്‍ ഇടമലക്കുടി സൊസൈറ്റി കുടിയില്‍ നിന്നും കേവലം 69 കിലോമീറ്റര്‍ സഞ്ചരിച്ച് കോതമംഗലത്ത് എത്താന്‍ കഴിയും. കോതമംഗലത്ത് നിന്ന് ആനക്കുളം വരെയുള്ള 61 കി.മീ പിഡബ്ല്യുഡി റോഡിന് പുറമെ, സൊസൈറ്റി കുടി മുതല്‍ മീന്‍കുത്തികുടി വരെയുള്ള 4 കി.മീ ദൂരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുകഴിഞ്ഞു. ഇനി മീന്‍കുത്തികുടി മുതല്‍ ആനക്കുളം വരെയുള്ള 4 കി.മീ ഒറ്റയടിപ്പാത വികസിപ്പിക്കാന്‍ മൂന്നാര്‍, മാങ്കുളം ഡി.എഫ്.ഒമാരുടെ അനുമതി മാത്രമാണ് ആവശ്യം.
2006-ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം ഇത് സാധ്യമാണെന്നിരിക്കെ, വനമേഖലയിലേക്ക് ഗതാഗതസൗകര്യം വരുന്നത് തങ്ങളുടെ ചൂഷണങ്ങളെ ബാധിക്കുമെന്ന ഭയത്താല്‍ ഫോറസ്റ്റ്-ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി റോഡ് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശവാസികള്‍ക്ക് അടിയന്തര വൈദ്യസഹായമെത്തിക്കാനും കോതമംഗലം, അടിമാലി ആശുപത്രികളില്‍ വേഗത്തിലെത്താനും സഹായിക്കുന്ന ഈ റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് മലയോര ട്രൈബല്‍ നിവാസികളുടെ ആവശ്യം.


















































