കോതമംഗലം: നേത്ര രോഗികളില്ലാത്ത കോതമംഗലം എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത ‘കാഴ്ച’ പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ താലൂക്കിൽ 7000 തിമിര ബാധ്യതരുണ്ടെന്ന് കണ്ടെത്തി.
ഇതിൽ ആയിരത്തിലേറെ പേർ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരാണ്. തിമിരത്തിനു പുറമെ അഗ്സ്റ്റിസ് മാറ്റിസം,റെറ്റിനിറ്റിസ് പിഗ്മെന്റേസ, കണ്‍വര്‍ജന്‍സ്, ട്രക്കോമ, കോര്‍ണിയല്‍ അള്‍സര്‍ തുടങ്ങിയ നേത്ര രോഗികളും ഒട്ടേറെയുണ്ട്. കാഴ്ച പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ക്ലബ് ഹാളിൽ എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.
നഗരസഭയിലെ 31 വാർഡുകളിൽ നടത്തിയ സ്ക്രീനിങ് പരിശോധനയിൽ 500 തിമര രോഗികളെ കണ്ടെത്തി. ഇവർക്ക് ഈ മാസം തന്നെ എൽഎഫ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. പദ്ധതിയുടെ രണ്ടാം ഘട്ടമായി മുഴുവൻ പഞ്ചായത്തുകളിലും പ്രാഥമിക നേത്രപരിശോധന നടത്തുമെന്നും ഷിബു പറഞ്ഞു. പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡൻ്റ് സി.കെ.സത്യൻ അധ്യക്ഷത വഹിച്ചു.എൽഎഫ് ആശുപത്രി അസി.അഡ്മിസ്ട്രേറ്റർ മേരി സെബാസ്റ്റ്യൻ, ഡോ.നിമ്മി ജോർജ്,ഡാമി പോൾ, കെ.പി.കുര്യാക്കോസ്, ജോർജ് അമ്പാട്ട്, ജോർജ് കുര്യപ്പ്, സി.ജെ.എൽദോസ്, എം.യു.ബേബി, ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.