കൊച്ചി: സംസ്ഥാന ബജറ്റ് കൃഷി അടക്കമുള്ള സുപ്രധാന മേഖലകളെ അവഗണിച്ചെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. കോവിഡ്, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരെ ബജറ്റ് സ്പർശിച്ചില്ല. തകർന്ന് കിടക്കുന്ന ടൂറിസം മേഖലയെ ഒട്ടും പരിഗണിച്ചില്ല. സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുന്ന സന്ദർഭത്തിൽ അതിന് പര്യാപ്തമായ നിർദേശങ്ങൾ ബജറ്റിൽ ഇല്ലാതെ പോയത് നിരാശാജനകമാണ്.
യഥാർത്ഥത്തിൽ ബജറ്റ് ആത്മാർത്ഥത ഇല്ലാത്ത ഒരു രാഷ്ട്രിയ പ്രസംഗമായി മാറി. കണക്കുകളിൽ കൃത്യതയും, വ്യക്തതയുമില്ല. ഇടതു മുന്നണി സർക്കാരിൻ്റെ മുൻ ബജറ്റുകൾ പോലെ ഊതിപ്പെരുപ്പിച്ച കണക്കുകൾ നിറച്ചതാണ് പുതിയ ബജറ്റും. കൃഷി, ചെറുകിട വ്യാപാരം, ഇടത്തരം സംരംഭങ്ങൾ, ടൂറിസം എന്നീ മേഖലകളിൽ സത്വരമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.