കോതമംഗലം: വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്ക് കൈത്താങ്ങായി കോതമംഗലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വെള്ളക്കിണ്ണങ്ങള്‍ സ്ഥാപിച്ച് വനം വകുപ്പ് മാതൃകയായി. സംസ്ഥാനത്ത് ചൂട് കനക്കുമ്പോള്‍, മനുഷ്യര്‍ക്കൊപ്പം പക്ഷികളും ദുരിതത്തിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സ്‌നേഹപ്രവര്‍ത്തനമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം നിറച്ച മണ്‍പാത്രങ്ങള്‍ സ്ഥാപിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്. വേനല്‍ കടുത്തതോടെ ജലസ്രോതസ്സുകള്‍ വറ്റിയതിനാല്‍ പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കുന്നതിനും വെള്ളം ലഭ്യമല്ലാതായി.
കാട്ടിലെ ചെറിയ പാറക്കെട്ടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് സാധാരണയായി പക്ഷികള്‍ കുടിക്കാനും കുളിക്കാനുമായി എത്തുന്നത്. ഈ സ്ഥലങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലായതോടെയാണ് വനവകുപ്പിന്റെ നേതൃത്വത്തില്‍ ചെറിയ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ച് സങ്കേതത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. പൊതുജനങ്ങളും വീടുകളിലെ പരിസരങ്ങളില്‍ ഇത്തരത്തില്‍ പാത്രങ്ങള്‍ സ്ഥാപിച്ചാല്‍ വെള്ളം തേടി എത്തുന്ന പക്ഷികള്‍ക്ക് ജീവന്‍ രക്ഷിക്കുന്ന കൈത്താങ്ങായി മാറുമെന്ന് തട്ടേക്കാട് പക്ഷി സങ്കേതം അസ്സി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.ടി ഔസേഫ് പറഞ്ഞു.



















































