കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ് ഉപയോഗിച്ച് പലകുറി ഫയര്‍ ചെയ്തതോടെ ആനകള്‍ ഓടി. പ്ലാന്റേഷനിലും ചേലമല ഭാഗത്തും ആനകള്‍ തമ്പടിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ഇന്നലെ (വ്യാഴാഴ്ച) രാവിലേയും വൈകിട്ടും ഡ്രോണ്‍ ഉപയോഗിച്ച് പ്ലാന്റേഷനിലെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.
കളപ്പാറ ഭാഗത്തുനിന്നും രാവിലെ 8.30 മുതല്‍ 11 വരേയും വൈകിട്ട് 4 മുതല്‍ 6.30 വരേയും ഡ്രോണ്‍ പറത്തിയിട്ടും ആനകള്‍ ഒന്നിനെ പോലും കണ്ടെത്താനായില്ല. കോതമംഗലം റേയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 3.30ന് സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഗണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തത്. വെടിശബ്ദം കേട്ടതോടെ ആനകള്‍ ഓടിമറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രികന് നേരെ ആന ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.
കുട്ടികൊമ്പനടക്കം നാല് ആനകളെ കഴിഞ്ഞ 2ന് പെരിയാര്‍ കടത്തി തട്ടേക്കാട് വന മേഖലയിലേക്ക് തുരത്തിയിരുന്നു. വീണ്ടും എത്തിയത് മറ്റൊരു ആനക്കൂട്ടമാണെന്നാണ് അധികൃതരുടെ നിഗമനം.



















































