Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകി എന്റെ നാടിന്റെ വികസന കോൺക്ലേവ്; ഉയർന്നത് നാലുവരിപ്പാത മുതൽ സിന്തറ്റിക് ട്രാക്ക് വരെയുള്ള ആവശ്യങ്ങൾ

കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന കോൺക്ലേവ് കോതമംഗലത്തിന്റെ വികസന ചരിത്രത്തിലെ പുത്തൻ അധ്യായമായി. പൊതുജന പങ്കാളിത്തം കൊണ്ടും ഉയർന്നുവന്ന ആശയങ്ങളുടെ മികവു കൊണ്ടും ശ്രദ്ധേയമായ വികസന കോൺക്ലേവ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. നാടിന്റെ മുന്നേറ്റം ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണെന്ന ബോധ്യത്തോടെയാകണം ഇടപെടലുകൾ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ നാട് ചെയർമാൻ ശ്രീ. ഷിബു തെക്കുംപുറം വികസന കോൺക്ലേവിൽ ആമുഖപ്രഭാഷണം നടത്തി. കോതമംഗലത്തെ കേരളത്തിന്റെ നെറുകയിൽ എത്തിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ മോഡൽ വികസനം ഒരു മാതൃകയായി മുന്നിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.


കോതമംഗലത്തിന്റെ വികസനകുതിപ്പിൽ പുത്തൻ പ്രതീക്ഷകൾ പകർന്നു നൽകുന്നതായിരുന്നു കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങൾ. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, കൃഷി, ടൂറിസം, സ്പോർട്സ് തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദ്ധർ നയിച്ച ചർച്ചയിൽ കോതമംഗലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള അനവധി നിര്ദശങ്ങളാണ് ഉയർന്നുവന്നത്.  കൊച്ചിയിലേക്ക് നാലുവരിപ്പാത, തങ്കളം ബൈപാസ്, കോതമംഗലം വഴി വാണിജ്യ കോറിഡോർ, എഡ്യൂക്കേഷൻ ഹബ്, ബിസിനസ് ക്ലസ്റ്റർ, പൊതു മൈതാനം, ഓപ്പൺ പാർക്ക്, ടൂറിസം സർക്യൂട്ട്, മാലിന്യ സംസ്കരണ സംവിധാനം, ടൗൺ ഹാൾ, പഴയ മൂന്നാർ റോഡിന്റെ നവീകരണം, വെള്ളപ്പൊക്കം നേരിടാൻ മാസ്റ്റർ പ്ലാൻ, ഇൻഫോ പാർക്ക് സബ് സെന്റർ, സിന്തറ്റിക്ക് ട്രാക്ക്, സ്പോർട്സ്- അത്ലറ്റിക്സ് അക്കാദമികൾ, ഇൻഡോർ സ്റ്റേഡിയം, പൊതു ശ്മശാനം, ആധുനിക മൽസ്യ, മാംസ മാർക്കറ്റ്, ഹെൽത്ത് ക്ലബ്, റിട്ടയർമെന്റ് ലിവിങ് ഹോം, ഫിനിഷിങ് സ്‌കൂൾ, മെഡിക്കൽ കോളേജ്, മെമു ട്രെയിൻ സർവീസ് തുടങ്ങിയ നിർദേശങ്ങൾ കോൺക്ലേവിൽ ഉയർന്നു.

റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ. കെ എൻ രാഘവൻ, മുൻ മന്ത്രി ടിയു കുരുവിള, മുൻ കൊച്ചി മേയർ കെ ജെ സോഹൻ, ഒളിമ്പ്യൻ എംഡി വത്സമ്മ, എസ് ആർ നായർ, ജിബു പോൾ, ജേക്കബ് ഇട്ടൂപ്, പ്രവീൺ കണ്ടന്തറയിൽ, ബേബി മാത്യു സോമതീരം, ആൻറണി കണ്ടിരിക്കൽ, ഡോ. ഷിബു വര്ഗീസ്, മുൻ മുൻസിപ്പൽ ചെയർമാൻ വിവി കുര്യൻ, മുൻസിപ്പൽ കൗൺസിലർമാരായ ജോർജ് അമ്പാട്ട്, പ്രിൻസ് വർക്കി,ഷിബി മാത്യു എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു.  മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനം ഉൽഘാടനം ചെയ്തു.  പ്രൊഫ കെഎം കുര്യക്കോസ് നിർദേശങ്ങൾ ക്രോഡീകരിച്ച് വികസന മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ  ദീർഘ വീക്ഷണവും സത്യസന്ധവുമായ വികസന പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തിയ റബര് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെഎൻ രാഘവൻ പറഞ്ഞു. റബർ കൃഷിയിൽ പതിവ് രീതികൾ മാറണം. ടാപ്പിംഗ് ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കി തൊഴിലാളികളെ കിട്ടാനുള്ള പരിമിതി മറികടക്കണം. സ്റ്റേഡിയങ്ങളല്ല പൊതു മൈതാനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റോഡ് വികസനത്തിന്റെ പ്രാധാന്യവും കോതമംഗലം നഗരം എറണാകുളത്തിന്റെ ഒരു ഹബ് ആയി മാറേണ്ടതിന്റെ ആവശ്യകതയും കോൺക്ലേവിൽ ഉയർന്നുവന്നു. കോതമംഗലത്തിന്റെ വിസിബിലിറ്റി കൂടുതൽ പേരിലേക്ക് എത്തുന്നതിന്റെ ആവശ്യകതെയെപ്പറ്റി സംസാരിച്ച മുൻ കൊച്ചി മേയർ കെജെ സോഹൻ നാടിന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചു. കൃഷിയും ഫാം ടൂറിസവും നാടിന്റെ ജീവനാഡിയാകേണ്ടതിന്റെ ആവശ്യകതയിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്.
നഷ്ട്മായ കോതമംഗലത്തിന്റെ മുൻ നിരയിലെ സ്ഥാനങ്ങൾ തിരിച്ചുപിടിക്കുവാനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടതെന്ന് മുൻ എംഎൽഎ ടിയു കുരുവിള അഭിപ്രായപ്പെട്ടു. നഗരത്തിൽ പുതിയൊരു മെഡിക്കൽ കോളേജിനായുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പഴയ മൂന്നാർ റോഡിൻറെ നവീകരണം ടൂറിസം മേഖലയുടെ ഉണർവിനും കാരണമാകുമെന്ന് കുരുവിള പറഞ്ഞു.

എറണാകുളത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന റോഡുകളുടെ അടിയന്തിരമായ പൂർത്തീകരണം നാടിന്റെയൊന്നാകെയുള്ള ആവശ്യമാണെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു.  നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനും പാർക്കിംഗ് അസൗകര്യങ്ങൾക്കുമുള്ള പരിഹാരവും വളർച്ചയ്ക്ക് ആവശ്യമാണെന്ന് പൊതുവിലായിരുത്തൽ ഉണ്ടായി. മഴയെ അതിജീവിക്കുന്ന റോഡുകളും ഡ്രയ്‌നേജ് സൗകര്യങ്ങളും, സുരക്ഷിതമായ ഫുട്പാത്തുകളും നഗരവികസനത്തിൽ നിര്ണായകമാണെന്ന് കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മാലിന്യപ്രശ്നങ്ങളുടെ സങ്കീർണതകളും പ്രധാന ചർച്ചാവിഷയമായി മാറി. നഗരത്തിൽ പൊതുശ്മശാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആധുനിക മത്സ്യ-മാംസ മാർക്കറ്റിന്റെ പ്രാധാന്യവും വികസന കോൺക്ലേവിൽ ഉയർന്നുവന്നു.


മൂന്നാറിലേക്കുള്ള ട്രെയിൻ സർവീസിൻ്റെ സാധ്യകളെക്കുറിച്ചും ചർച്ചകൾ ഉയർന്നുവന്നു. ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നഗരത്തിൽ ഏർപ്പെടുത്തേണ്ടതിന്റെ പ്രധാന്യം പൊതുഅഭിപ്രായമായി ഉയർന്നുവരുന്നതിനും കോൺക്ലേവ് സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസം മേഖലയിൽ കോതമംഗലത്തിനുണ്ടായിരുന്ന അപ്രമാദിത്വം എങ്ങനെ നഷ്ടമായി എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് പ്രമുഖ മാനേജ്‌മന്റ് ഗുരു എസ്ആർ നായർ അഭിപ്രായപ്പെട്ടു. വിദഗ്ധരായ തലമുറയെ വളർത്തിയെടുക്കുവാനുള്ള ഇക്കോ സിസ്റ്റം ഉണ്ടാക്കേണ്ടത് നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട്അപ്പ് വിപ്ലവത്തിൻ്റെ ഹബ് ആക്കി കോതമംഗലത്തെ മാറ്റണം എന്ന് അദ്ദേഹം ആഹ്വനം ചെയ്തു.
നാടിന്റെ വളർച്ചയ്ക്ക് ആദ്യം വേണ്ടത് മികച്ച റോഡുകളാണെന്നും കോതമംഗലത്തിന്റെ ഭാവിയിൽ കൃഷിയുടെ സ്ഥാനം വലുതാണെന്നും കെഎംഎ പ്രസിഡന്റ് ശ്രീ.ജിബു പോൾ അഭിപ്രായപ്പെട്ടു. വലിയ ബിസിനസ്സുകൾക്ക് പകരം ബിസിനസ് ക്ലസ്റ്ററുകളാണ് കാലത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംരംഭകരുടെ സൃഷ്ടിക്കായി ശ്രമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയുമായാണ് യുഎൻ ഐടി പ്രൊജക്റ്റ് അസ്സോസിയേറ്റ് ശ്രീ.പ്രവീൺ കണ്ടന്തറയിൽ കോൺക്ലേവിനെ അഭിസംബോധന ചെയ്തത്. ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുവാനുള്ള വേദികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിഗ് ഡാറ്റയും റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റെലിജിൻസുമാണ് ഇനിയുള്ള കാലത്തെ സാധ്യതകളെന്നും അത് ഉപയോഗപ്പെടുത്തുവാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ആരോഗ്യമുള്ള ജനത വികസന വളർച്ചയിലെ പ്രധാനപ്പെട്ട ഭാഗമാണെന്നും അതിനാൽ തന്നെ കോതമംഗലത്തിന്റെ വളച്ചയിൽ ഹെൽത്ത് ക്ലബ്ബുകൾക്കും മുതിർന്നവർക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന പാർക്കുകൾക്കും റിട്ടയർമെന്റ് ലിവിങ് ഹോമുകൾക്കും പ്രാമൂഹ്യം നൽകണമെന്നും കോൺക്ലേവിൽ അഭിപ്രായമുയർന്നു. മുതിർന്നവരുടെ സേവനംകൂടി ഉപയോഗപ്പെടുത്തി കുട്ടികൾക്കായി ഫിനിഷിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും കോൺക്ലേവിൽ ചർച്ചകൾ ഉയർന്നുവന്നു.

കൃഷിയും ടൂറിസവും കോതമംഗലത്തിന്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുവാൻ തക്കശേഷിയുള്ള വിഭവങ്ങളാണെന്നും അവയെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ സാധിച്ചാൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുമെന്നും കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. അവസരങ്ങൾ അനവധിയാണെന്നും മാറേണ്ടത് പുതു തലമുറയുടെ കാഴ്ചപ്പാടാണെന്നും കൃഷി, ടൂറിസം ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  യുവാക്കൾ കൂടുതൽ കൃഷിയിലേക്ക് തിരിച്ചു വരണമെന്ന് കൃഷിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ആന്റണി കണ്ടിരിക്കൽ അഭിപ്രായപ്പെട്ടു.  എയർപോർട്ടിൽ നിന്ന് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ യാത്ര പുതിയ അനുഭവമാക്കി മാറ്റാനുള്ള നിർദേശം ചർച്ചയിൽ ഉയർന്നു. കോതമംഗലത്തിന്റെ ടൂറിസം വികസനത്തിൽ സർക്കാരിൽ നിന്നും സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ബേബി മാത്യു സോമതീരം ഉറപ്പു നൽകി.

കായിക രംഗത്തെ ചർച്ചകൾ സിന്തറ്റിക് ട്രാക്ക്, സ്പോർട്സ് സ്‌കൂൾ, അത്ലറ്റിക്സ് അക്കാദമി, പൊതു മൈതാനങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവ അടങ്ങുന്ന സമഗ്ര പാക്കേജ് എന്ന ആശയത്തിലൂന്നി ആയിരുന്നു. കോതമംഗലത്ത് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്ന ആവശ്യം ഒളിമ്പ്യൻ എംഡി വത്സമ്മ, മാർ ബേസിൽ സ്‌കൂൾ കായികാധ്യാപിക ഷിബി മാത്യു എന്നിവർ ശക്തമായി ഉന്നയിച്ചു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. വികസനം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, പങ്കാളിത്ത സ്വഭാവത്തോടെയുള്ള പുതിയ പദ്ധതികൾക്ക് ജനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...