കോതമംഗലം: ബജറ്റ് വിഹിതം പെരുപ്പിച്ചു കാണിച്ച ആൻ്റണി ജോൺ എൽഎൽഎ കടുത്ത ജനവഞ്ചനയാണ് നടത്തിയതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
എംഎൽഎയുടെ വാഗ്ദാന ലംഘനത്തിനും ബജറ്റ് അവഗണനയ്ക്കുമെതിരെ
യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ സ്വപ്ന പദ്ധതികളായ രാജ്യാന്തര സ്റ്റേഡിയവും തങ്കളം-കാക്കനാട് ബൈപ്പാസും എംഎൽഎ പാടെ അവഗണിച്ചിരിക്കുകയാണ്.
കായിക കേരളത്തിൻ്റെ സിരാകേന്ദ്രം എന്ന നിലയിൽ യുഡിഎഫ് സർക്കാരാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വിഭാവനം ചെയ്തത്. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തങ്കളം ബൈപ്പാസിൻ്റെ ആസൂത്രണവും യുഡിഎഫ് ഭരണകാലത്താണ് നടത്തിയത്. പദ്ധതിക്കു വേണ്ടി 12 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.
തങ്കളത്തു നിന്ന് കേവലം ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു എന്നല്ലാതെ റോഡ് പൂര്‍ത്തിയാക്കാന്‍ തുടര്‍ നടപടിയും ഉണ്ടായില്ല. കോതമംഗലത്തു നിന്ന് 35 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ കാക്കനാട് എത്തിച്ചേരാന്‍ കഴിയുന്ന പാത കോതമംഗലത്തിൻ്റെ മുഖഛായ മാറ്റാൻ കഴിയുന്നതാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കാനോ, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൃപ്തികരമായ പുനരധിവാസ പാക്കേജ് തയാറാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചില റോഡുകളുടെ നിർമാണത്തിനും അറ്റക്കുറ്റ പണിക്കുമായി 4 കോടി രൂപ മാത്രമാണ് വാർഷിക ബജറ്റിൽ കോതമംഗലം മണ്ഡലത്തിനു വേണ്ടി മാറ്റി വച്ചിരിക്കുന്നത്.
20 പദ്ധതികൾക്കായി 220 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായുള്ള ആൻ്റണി ജോൺ എംഎൽഎയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണ്. ബജറ്റിൽ നാമമാത്രമായ ടോക്കൺ അഡ്വാൻസ് മാറ്റി വച്ച പദ്ധതികളുടെ അടങ്കൽ തുക ബജറ്റിൽ അനുവദിച്ചു എന്നു പറഞ്ഞ് ജനങ്ങളെ എംഎൽഎ കബളിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒട്ടേറെ പദ്ധതികളുടെ നിർമാണോദ്ഘാടനം കോതമംഗലത്തു നടന്നു. ഇതുവരെ ഒരു പദ്ധതിയുടെ പോലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷിബു ചൂണ്ടികാട്ടി.
മുൻമന്ത്രി ടി.യു.കുരുവിള അധ്യക്ഷത വഹിച്ചു.പി.പി.ഉതുപ്പാൻ, കെ.പി.ബാബു, എം.എസ്.എൽദോസ്, എബി എബ്രാഹം,എ.ടി.പൗലോസ്,ജോമി തെക്കേകര,ജെസി സാജു,റോയ് കെ.പോൾ,പി.സി.ജോർജ്, ജോർജ് അമ്പാട്ട്,എ.പി.എൽദോസ്,ജോര്‍ജ് വർഗീസ്,സണ്ണി വേളൂക്കര,റോയി സ്‌കറിയ, പി.എ.പാദുഷ,ഷിബു കുര്യാക്കോസ്,സിജു എബ്രാഹം,ടി.എ.അമീന്‍, എല്‍ദോസ് കീച്ചേരി,സി.ജെ. എല്‍ദോസ്,നോബിള്‍ ജോസഫ്,ജോബി ജേക്കബ്,ഷെമീര്‍ പനയ്ക്കല്‍,പി.എം. നവാസ്,എം.കെ.വേണു,പീറ്റര്‍ മാത്യു,ശശി കുഞ്ഞുമോന്‍, എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.