കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടുക്കള തോട്ടത്തിന്റെ ഭാഗമായി 30സെന്റില്‍ അധികം സ്ഥലത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷിയും ആരംഭിച്ചു. കോതമംഗലം കൃഷി ഓഫീസര്‍ വിനോദ് ടി.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തിലോപ്പിയ മത്സ്യങ്ങളാണ് ആദ്യ ഗഡുവായി മത്സ്യ കുളത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്. സിമന്റ് ഉപയോഗിച്ച് തീര്‍ത്ത വിസ്താരമേറിയ കുളത്തിന്റെ അകവും പുറവും മത്സ്യകൃഷിക്ക് അനുയോജ്യമായ വിധം പെയിന്റ് ചെയ്ത്, വെള്ളം നിറച്ച്, അതിനുള്ളിലാണ് മത്സ്യങ്ങളെ നിക്ഷേപിച്ചത്.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.റിനി മരിയ,അധ്യാപകര്‍, സ്‌കൂളിലെ ഹരിത സേന പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാജു പി.പി കുട്ടികള്‍ക്ക് മത്സ്യകൃഷികൃഷിയുടെ പാഠങ്ങള്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടും മത്സ്യവളര്‍ത്തലിനോടും താല്‍പര്യം വളര്‍ത്തുക, ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കുക, സ്വയംപര്യാപ്തതയുടെ സന്ദേശം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. മത്സ്യകൃഷിയുടെ പരിപാലനവും തുടര്‍പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തും.



















































