കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍ എംഎല്‍എ ഇപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. പാലം സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമെന്ന് പറഞ്ഞ് എംഎല്‍എ മേനി നടിക്കുന്നു.ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 2016-ലാണ് കുടമുണ്ടയില്‍ ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ വാരപ്പെട്ടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി എന്ന് ആരോപിച്ച് റോഡിനോട് ചേര്‍ന്ന ഭാഗത്തെ സ്ഥല ഉടമ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനാല്‍ ഇവിടെ അപ്രോച്ച് റോഡ് നിര്‍മ്മാണം തടസ്സപ്പെടുകയാണ് ഉണ്ടായത്.
കേസില്‍ പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കോതമംഗലം താലൂക്ക് സര്‍വേയര്‍ കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതില്‍ ഹര്‍ജിക്കാരന്റെ ഭൂമിയില്‍ നിര്‍മ്മാണം നടന്നതായും ബോധ്യപ്പെട്ടു. ഈ കേസ് കോടതിയില്‍ തീര്‍പ്പാകാതെ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്.അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട തുകയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.താന്‍ എംഎല്‍എയായി വന്നതിനുശേഷം 2016 അവസാനം മുതല്‍ കോടതിക്ക് അകത്തും പുറത്തുമെല്ലാം ഈ വിഷയം പരിഹരിക്കുന്നതിനുള്ള നിരന്തരമായ ഇടപെടല്‍ നടത്തിയിരുന്നു. ഈ വേളകളില്‍ എല്ലാം പാലം നിര്‍മ്മാണത്തിന്റെ ഘട്ടങ്ങളിലും തുടര്‍ന്നും തനിക്കും കുടുംബത്തിനുമുണ്ടായ ദൂരനുഭവങ്ങളാണ് ഭൂ ഉടമ വിവരിച്ചിരുന്നത്.
തങ്ങളെ ഭൂമി കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വരെ നിരന്തരമായി ഉണ്ടായതായി കുടുംബം ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു.2014-16 കാലയളവില്‍ നിര്‍മ്മാണം നടക്കുന്ന വേളകളില്‍ ഇറിഗേഷന്‍ – റവന്യൂ വകുപ്പിലെ ചുമതല വഹിച്ചിരുന്ന ചില ഉന്നത ഉദ്യോഗസ്ഥരുമാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയിരുന്നത്. ഇതാണ് കോടതിയില്‍ കേസുമായി മുന്നോട്ടു പോകാന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ചതും.തന്റെ നിരന്തരമായ ഇടപെടലിനെയും അഭ്യര്‍ത്ഥനയെയും തുടര്‍ന്ന് 2024 അവസാനം കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കുടുംബം മുന്‍സിഫ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിനും സ്ഥലം സൗജന്യമായി വിട്ടു നല്‍കുന്നതിനും സമ്മതം അറിയിച്ചു.ടി യോഗ തീരുമാനപ്രകാരം തുടര്‍നടപടികളുടെ ഭാഗമായി റവന്യൂ – ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥല ഉടമയും ചേര്‍ന്ന് നടത്തിയ സ്ഥലപരിശോധനയില്‍ 2.5 സെന്റ് സ്ഥലം റോഡിനായി ലഭ്യമാക്കാന്‍ കണ്ടെത്തി.എന്നാല്‍ സുഗമമായ വാഹനഗതാഗതത്തിന് ഈ സ്ഥലം അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആവശ്യമായ നാല് സെന്റോളം സ്ഥലം (3.87) വിട്ടു നല്‍കണമെന്ന് കുടുംബത്തോട് അഭ്യര്‍ത്ഥിക്കുകയും അതിന് അവര്‍ സന്നദ്ധരാവുകയാണ് ചെയ്തത്.
തുടര്‍ന്ന് ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ലഭ്യമാക്കുകയും ചെയ്തു.തുടര്‍ച്ചയില്‍ റോഡ് നിര്‍മ്മാണത്തിനായി എം എല്‍ എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിക്കുകയും ആയതുമായി ബന്ധപ്പെട്ട വര്‍ക്കിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു. 2025 നവംബര്‍ 5ന് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഈ നിര്‍മ്മാണ പ്രവര്‍ത്തനമാണ് കഴിഞ്ഞ മാസം (2026 സെപ്റ്റംബര്‍) പകുതിയോടെ പൂര്‍ത്തീകരിച്ചതും. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ഉണ്ടായ എന്തോ നേട്ടം എന്ന മട്ടിലാണ് എം എല്‍ എ കുടമുണ്ട പാലത്തെ അവതരിപ്പിക്കുന്നത്. എല്‍ ഡി എഫ് അധികാരത്തിലിരുന്ന വേളയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് കുടമുണ്ട പാലം യാഥാര്‍ത്ഥ്യമാക്കാത്തത് എല്‍ ഡി എഫ് സര്‍ക്കാരിന്റെയും, എം എല്‍ എ ആയിരുന്ന തന്റെയും കുഴപ്പം മൂലമാണെന്ന് നിരന്തരമായി അസത്യപ്രചരണങ്ങള്‍ നടത്തുന്നതിന് നേതൃത്വം നല്കിയ ആളാണ് ഇപ്പോഴത്തെ എംഎല്‍എ ഷിബു തെക്കുംപുറം. ചില പി ആര് ഏജന്‍സികളെ അടക്കം ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും നിരന്തരമായി അദ്ദേഹം നടത്തി.
കഴിഞ്ഞ 10 വര്‍ഷക്കാലവും എല്ലാത്തിനെയും ഇകഴ്ത്തി കാണിക്കുന്നതിനും എതിര്‍ത്ത് പരാജയപ്പെടുത്തുന്നതിനും നേതൃത്വം കൊടുത്തയാളാണ് ഇപ്പോഴത്തെ എംഎല്‍എ ഷിബു തെക്കുംപുറം. എന്നാല്‍ അക്കാലയളവിലെ നേട്ടങ്ങളുടെ എല്ലാം ക്രെഡിറ്റ് തന്റേതാക്കി മാറ്റുന്നതിന് വേണ്ടിയിട്ടുള്ള വ്യഗ്രതയിലാണ് അദ്ദേഹം ഇപ്പോള്‍. കോതമംഗലത്തിന്റെ പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും ആന്റണി ജോണ്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.വലിയ പ്രയാസങ്ങളും അനാവശ്യ കുറ്റപ്പെടുത്തലുകളും എല്ലാം നേരിടേണ്ടി വന്നെങ്കിലും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ടു നല്കിയ വാളൂരാന്‍ വീട്ടില്‍ അന്തരിച്ച സെബാസ്റ്റ്യന്‍ വര്‍ഗീസ്,ചിന്നമ്മ സെബാസ്റ്റ്യന്‍ ദമ്പതികളോടും അവരുടെ മക്കളായ ജോസ് ജെ വാളൂരാന്‍ ,ജോര്‍ജ് ജെ വാളൂരാന്‍ എന്നിവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോണ്‍ പറഞ്ഞു.



















































