അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആശ്രയം യു.എ.ഇ. പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായ ഷിബു തെക്കുംപുറം എംഎൽഎ സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളെയും കോതമംഗലത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു.
ആശ്രയം യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി സംഘടനയ്ക്ക് അഞ്ചു സെന്റ് സ്ഥലം അൽ ഹഫീസ് ബിൽഡിംഗ് മെറ്റീരിയൽസ് ട്രേഡിംഗ് എം.ഡിയും ആശ്രയത്തിന്റെ സ്പോൺസറുമായ ബേബി മഠത്തിക്കുടി സമ്മാനമായി നൽകി. ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ ആശ്രയം പ്രസിഡന്റ്, സെക്രട്ടറി ദീപു തങ്കപ്പൻ, ലേഡീസ് വിങ്ങ് പ്രസിഡന്റ് സിനിമോൾ അലിക്കുഞ്ഞ് എന്നിവർക്ക് കൈമാറി. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ഭാവിയിൽ യാഥാർഥ്യമാകുന്ന മൂവാറ്റുപുഴ സ്റ്റേഡിയത്തെ കേരള സൂപ്പർ ലീഗിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമായി ഉയർത്തുന്നതിന് ആശ്രയം യു.എ.ഇയുടെ പിന്തുണ അഭ്യർഥിച്ചു. അബുദാബി സോഷ്യൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ്, സ്പോൺസർമാരായ ആനന്ദ് ജിജി, ഹാരിസ് തോട്ടത്തിക്കുളം,
ആശ്രയം യു.എ.ഇ. സെക്രട്ടറി ദീപു തങ്കപ്പൻ, രക്ഷാധികാരി നജീ ജെയിംസ്, ചാരിറ്റി പ്രോഗ്രാം കൺവീനർ സമീർ പൂക്കുഴി , പ്രോഗ്രാം കൺവീനർ ഇല്യാസ് റഹ്മാൻ, ലേഡീസ് വിങ്ങ് പ്രസിഡന്റ് സിനിമോൾ അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
കിർഗിസ്ഥാനിൽ നടന്ന വേൾഡ് നോമാഡ് ഗെയിംസിൽ വടംവലി റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ആശ്രയം യു.എ.ഇ. സ്പോർട്സ് കൺവീനറുമായ അനിൽകുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം കുടുംബങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു.



















































