കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ ബിജുവിന്റെ കൂട്ടാളിയായ കോട്ടപ്പടി സ്വദേശി യുവതിയെ ഏതാനും ആഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ തുടർഅന്വേഷണത്തിലാണ് തട്ടിപ്പിന്റെ സൂത്രധാരനിലേക്ക് അന്വേഷണം എത്തിയത്.
ഒമ്പത് മാസത്തിനിടെ 31 തവണയായാണ് ഇവർ ഈ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ചത്. ആകെ 409.45 ഗ്രാം വ്യാജസ്വർണം നൽകി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പണയ ഉരുപ്പടികൾ അധികൃതർ പുനഃപരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് മാനേജ്മെന്റ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.ഒരു പവൻ തൂക്കമുള്ള മുക്കുപണ്ടം നിർമിക്കാൻ 12,000 രൂപ മാത്രമാണ് ചെലവാകുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
ശാസ്ത്രീയ യന്ത്രപരിശോധനയിൽപ്പോലും തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിലാണ് ഇവയുടെ നിർമാണം. ഒരു പവന്റെ വ്യാജസ്വർണം 25,000 രൂപയ്ക്കാണ് പ്രതികൾ ഇടനിലക്കാർക്ക് കൈമാറുന്നത്. ഇത് വാങ്ങുന്നവർ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ച് 40,000 മുതൽ 55,000 രൂപവരെ വായ്പയെടുക്കുന്നതായി പൊലീസ് പറഞ്ഞു.
സംസ്ഥാനവ്യാപകമായി ഇത്തരം വ്യാജ ആഭരണങ്ങൾ വിതരണം ചെയ്യുന്ന ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. തട്ടിപ്പിന്റെ വ്യാപ്തിയും വ്യാജസ്വർണത്തിന്റെ ഉറവിടവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് എന്തുചെയ്തുവെന്നും വ്യാജസ്വർണം നിർമിച്ചുനൽകിയതിൽ മറ്റ് സംഘങ്ങൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. എച്ച് ഹാഷിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















































