കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം അനിശ്ചിതകാലത്തേക്ക് നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1997–98ലെ റെയിൽവേ ബജറ്റിൽ വിഭാവനം ചെയ്ത ഏകദേശം 110 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതാണ്. അങ്കമാലിയിൽനിന്ന് പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മേഖലകളിലൂടെ എരുമേലിയിലേക്ക് വിഭാവനം ചെയ്തിരിക്കുന്ന റെയിൽപാത യാഥാർഥ്യമായാൽ കിഴക്കൻ എറണാകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം വ്യാപാര, വ്യവസായ, കാർഷിക, വിനോദസഞ്ചാര മേഖലകൾക്കും വലിയ മുന്നേറ്റമുണ്ടാകും.
പദ്ധതിയുടെ ഭാഗമായി കാലടി വരെയുള്ള റെയിൽപാതയുടെ നിർമാണം, റെയിൽവേ സ്റ്റേഷൻ, പെരിയാറിന് കുറുകെയുള്ള പാലം എന്നിവയുടെ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ നേരത്തേ നടത്തിയിരുന്നു. എന്നാൽ, സാമ്പത്തിക വിഹിതം സംബന്ധിച്ച തർക്കങ്ങളും മറ്റു നടപടിക്രമങ്ങളും കാരണം പദ്ധതി ദീർഘകാലമായി സ്തംഭനാവസ്ഥയിലാണ്
2023ലെ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ ആകെ ചെലവ് 3,800 കോടി രൂപയാണ്. ഇതിൽ 1,361 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും 2,439 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്കുമാണ് കണക്കാക്കിയിട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ ആകെ ചെലവിന്റെ 50 ശതമാനമായ 1,900 കോടി രൂപ കിഫ്ബിയുടെ ധനസഹായത്തോടെ വഹിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന വിഹിതത്തോടൊപ്പം റെയിൽവേയുടെ വിഹിതവും ലഭ്യമാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേയുടെ നിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാന വിഹിതം ചെലവഴിച്ച് പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി നീണ്ടുപോകുന്നതുമൂലം കോതമംഗലം ഉൾപ്പെടെയുള്ള മേഖലകളിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്ന് ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടി. റെയിൽപാതയ്ക്കായി ഭൂമി വിജ്ഞാപനം ചെയ്തതോടെ പലർക്കും ഭൂമി വിൽക്കാനോ ബാങ്കുകളിൽ പണയപ്പെടുത്തി വായ്പയെടുക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കെട്ടിടനിർമാണം, കൃഷി, സംരംഭങ്ങൾ തുടങ്ങിയവയ്ക്കുള്ള നിക്ഷേപങ്ങളും തടസ്സപ്പെട്ടു. തൊഴിൽ നഷ്ടവും ഉപജീവനമാർഗങ്ങളുടെ തകർച്ച നേരിടുന്നവരെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം വികസനപദ്ധതികളുടെ ചെലവ് വർധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റെടുക്കേണ്ട ഭൂമി സമയത്ത് കൈമാറാൻ കഴിയാത്തതുമൂലം കരാറുകാർ ആർബിട്രേഷൻ ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുകയും അധിക സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ സർവേയർമാരെയും ജീവനക്കാരെയും നിയോഗിക്കുന്നതിലൂടെ ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കുമെന്നും പദ്ധതികൾക്ക് ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് വ്യക്തമായ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ശബരി റെയിൽ പദ്ധതിയുടെ തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കുന്നതിനൊപ്പം ഭൂമി വിജ്ഞാപനം ചെയ്തതുമൂലം വർഷങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത്.



















































