കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ എ ആന്റണി ജോൺ.എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് കോതമംഗലം താലൂക്ക് ആശുപത്രി. ദിവസേന ആയിരത്തിലേറെ രോഗികൾ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്.
ആദിവാസി സമൂഹത്തിൽ നിന്നുള്ള നിരവധി പേരും ദിവസേന ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയാണ്. കോതമംഗലം താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പുറമേ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ളവരും ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 വർഷ കാലത്തിനുള്ളിൽ 25 കോടി രൂപയോളം ചിലവഴിച്ചു കൊണ്ടുള്ള വിവിധ വികസന പ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളും ആശുപത്രിയിൽ ഉറപ്പുവരുത്താൻ സാധിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കൂടുതൽ വികസനം സാധ്യമായ പത്ത് വർഷക്കാലമാണ് ഇപ്പോൾ പിന്നിടുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ കെ കെ ടോമി ചെയർമാനായുള്ള കഴിഞ്ഞ നഗരസഭ കൗൺസിലും ആശുപത്രിയുടെ വികസന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിച്ചു.
മാത്രമല്ല ആശുപത്രിയുടെ പൊതുവായ വികസനത്തിലും ചികിത്സ തേടിയെത്തുന്നവരുടെ ക്ഷേമ കാര്യത്തിലും എല്ലാം കോതമംഗലത്തെ പൊതു സമൂഹത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുവാൻ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമെല്ലാം വലിയ സഹായമാണ് ആശുപത്രിയ്ക്ക് നൽകിയത്.
പൊതുജന പങ്കാളിത്തത്തോടെ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന ” വിശപ്പുരഹിത ആശുപത്രി പദ്ധതി ” ഇന്ന് സംസ്ഥാനത്ത് തന്നെ മാതൃകയാണ്. എച്എംസിയും നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഇതിനെല്ലാം പുറമേ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ഡോ. സാം പോൾ, മറ്റ് ഡോക്ടർമാർ അടക്കമുള്ള ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ഒരുമിച്ചു കൂട്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ഈ നേട്ടം കൈവരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുവെന്നും മുൻ എം എൽ എ ആന്റണി ജോൺ പ്രസ്താവനയിൽ പറഞ്ഞു.



















































