കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില് വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒന്നുവരെ കോതമംഗലം താലൂക്ക് മിനി സിവില് സ്റ്റേഷനിലെ കോണ്ഫറന്സ് ഹാളില് നടത്തുന്ന അദാലത്തില് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന് ഓവര്സീസ് ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക് എന്നിവയും ഉച്ചയ്ക്ക് രണ്ടുമുതല് വൈകിട്ട് അഞ്ചുവരെ ഫെഡറല് ബാങ്ക്, കേരള ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാത്തലിക് സിറിയന് ബാങ്ക്, സൗത്ത് ഇന്ത്യന് ബാങ്ക് എന്നിവയും പങ്കെടുക്കും.
റവന്യൂ റിക്കവറി നടപടികള് നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാര്ക്ക് അദാലത്തിലൂടെ വായ്പാ തിരിച്ചടവ് സംബന്ധിച്ച പ്രശ്നങ്ങളില് പരിഹാരം തേടാനും അര്ഹമായ പലിശ ഇളവുകള് നേടാനും അവസരമുണ്ടാകും. കുടിശ്ശികകള് തീര്പ്പാക്കി ജപ്തി നടപടികളില്നിന്നും തുടര്ബാധ്യതകളില്നിന്നും ആശ്വാസം നേടാന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഷിബു തെക്കുംപുറം എംഎല്എ, കോതമംഗലം തഹസില്ദാര് കെ.എസ്. സതീശന് എന്നിവര് അറിയിച്ചു.



















































