കോതമംഗലം: പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പിവിഐപി) കനാലുകളുടെ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം നടത്താൻ തീരുമാനം. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അറ്റകുറ്റപ്പണികൾക്കായി നിലവിൽ അനുവദിച്ചിരിക്കുന്ന ഏഴരക്കോടി രൂപ അപര്യാപ്തമാണെന്ന് ഷിബു തെക്കുംപുറം എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. കനാലുകളുമായി ബന്ധപ്പെട്ട മുഴുവൻ അറ്റകുറ്റപ്പണികളും റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അഞ്ചുകോടി രൂപ അറ്റകുറ്റപ്പണികൾക്കും അഞ്ചുകോടി രൂപ റെക്റ്റിഫിക്കേഷൻ പ്രവർത്തനങ്ങൾക്കുമായി അനുവദിക്കണമെന്ന ആവശ്യവും എംഎൽഎ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെയും ജലസേചന വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ അധിക തുക അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി 15മുതൽ (15-10-2026) കനാലുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. നവംബർ 25നകം പണികൾ പൂർത്തിയാക്കി ജലവിതരണത്തിന്റെ ട്രയൽ റൺ നടത്തും. തുടർന്ന് ഡിസംബർ ഒന്നുമുതൽ പൂർണതോതിൽ ജലവിതരണം ആരംഭിക്കാനാണ് തീരുമാനം.സാധാരണയായി ഡിസംബർ അവസാനത്തോടെയാണ് പെരിയാർവാലി കനാലുകൾ തുറന്ന് ജലവിതരണം ആരംഭിക്കുന്നത്. എന്നാൽ ഇത്തവണ മഴയുടെ അളവ് കുറഞ്ഞതും വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതും കണക്കിലെടുത്താണ് നേരത്തേ ജലവിതരണം ആരംഭിക്കാൻ തീരുമാനിച്ചത്.
യോഗത്തിൽ എംഎൽഎമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, മനോജ് മൂത്തേടൻ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി.വി ബൈജു .,സി.എൻ. രഞ്ജിത എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


















































