കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള
പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവ ആദ്യം എത്തിയത് ചക്കാലക്കുടിയിലാണെന്നും അവിടെ കാലിമേച്ചിരുന്ന ഒരു നായർ യുവാവാണ് പരിശുദ്ധ ബാവയെ പള്ളിയിലേക്ക് വഴി കാണിച്ചതെന്നുമാണ് ചരിത്രം. ഇതിൻ്റെ സ്മരണയിലാണ് ചക്കാലക്കുടിയിൽ സ്ഥാപിച്ചിട്ടുള്ള ചാപ്പലിലേക്ക് കന്നി 20 പെരുന്നാളിന് പ്രദക്ഷിണം നടത്തുന്നത്. അതിൻ്റെ സ്മരണയിൽ ഇക്കുറിയും പതിവ് തെറ്റാതെ പ്രദക്ഷിണ വീതിയിൽ ചക്കാല നായർ തറവാട്ടിലെ ഇളംമുറക്കാരനായ സുരേഷ് തൂക്കുവിളക്കേന്തി.
151 സ്വർണ്ണ കുരിശിന്റെ അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. നാനാജാതി മതസ്ഥരായ വിശ്വാസികൾ പ്രദക്ഷിണത്തിലും പള്ളിയിൽ ഒരുക്കിയ നേതൃച്ച സദ്യയിലും പങ്കുചേർന്നു. ഇന്നലെ തിരുകർമ്മങ്ങൾക്ക്ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ , മെത്രാപോലീത്തമാരായ ഡോ. എബ്രഹാം മാർ സേവേറിയോസ് , ഡോ. തോമസ് മാർ തീമോത്തിയോസ്,ഏലിയാസ് മാർ യൂലിയോസ് , ഡോ. മാത്യൂസ് മാർ അന്തിമോസ് എന്നിവർ കാർമ്മികത്വം വഹിച്ചു.
പെരുന്നാളിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് കുർബാന- ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, 8.30ന് വിശുദ്ധ കുർബ്ബാന – മാത്യൂസ് മാർ അപ്രേം മെത്രാപോലീത്ത. രാവിലെ പത്തോടെ ഗജവീരന്മാർ പരിശുദ്ധ ബാവായുടെ കബർ വണങ്ങുവാൻ പള്ളിയുടെ പൂമുഖത്തെത്തും. വൈകുന്നേരം 4 ന് പരിശുദ്ധ യൽദോ ബാവായുടെ 341 -ാം ഓർമ്മപ്പെരുന്നാളിന്റെ കൊടി ഇറങ്ങും. വൈകീട്ട് 6.30 ന് വിശുദ്ധ കുർബ്ബാന- ഏലിയാസ് മോർ യൂലിയോസ് മെത്രാപോലീത്ത കാർമികത്വവും വഹിക്കും. 11 ( 11 -10) വരെ പള്ളിയിലെ ദീപാലങ്കാരങ്ങൾ തുടരും.


















































