കോതമംഗലം:ആഘോഷങ്ങള്‍ അതിരുകളില്ലാത്ത സ്നേഹവും കാരുണ്യവുമാകണമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഇളങ്ങവം ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. വിദ്യാലയ മുറ്റത്തെ പതിവ് ആഘോഷങ്ങള്‍ക്ക് പകരം, കാരക്കുന്നം പ്രൊവിഡന്‍സ് ഹോമിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്കൊപ്പം സ്നേഹം പങ്കിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കിയത്. സഹജീവികളോടുള്ള കരുണയും കരുതലും കുട്ടിക്കാലം മുതല്ക്കേ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ അധികൃതരും പിടിഎയും ചേര്‍ന്ന് ഇത്തരമൊരു വേറിട്ട ആഘോഷം സംഘടിപ്പിച്ചത്.
പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികളോടൊപ്പം പൂക്കളമൊരുക്കിയും, തിരുവാതിരകളിയും പുലികളിയും അവതരിപ്പിച്ചും കുട്ടികള്‍ ഒത്തുചേരല്‍ വര്‍ണ്ണാഭമാക്കി. ഒപ്പമിരുന്ന് സ്നേഹത്തോടെ ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍, അന്തേവാസികള്‍ക്ക് മുഴുവന്‍ ഓണക്കോടിയും സമ്മാനിച്ചാണ് മടങ്ങിയത്. മഠാങ്കണത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ മദര്‍ സുപ്പീരിയര്‍ സി. ഡാനി എല്‍എസ്ഡിപി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് രഞ്ജിത്ത് എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സീമോന്‍ സി.എസ്, മാതൃസമിതി പ്രസിഡന്റ് പ്രീതി, പ്രധാനാധ്യാപിക ഷെര്‍മി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും വലിയ പാഠം പകര്‍ന്നു നല്കിയ ഇളങ്ങവം സ്കൂളിന്റെ നന്മ നിറഞ്ഞ മാതൃക നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി



















































